കോഴിക്കോട്: വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ 13 ദിവസമായി ഒളിവില്‍ കഴിയുന്ന എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്‍. വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയതിന്റെ വിവരങ്ങള്‍ പുറത്തു വന്നിട്ടും പൊലീസ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വിദ്യ കൊടുത്ത മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോവാനാണ് പൊതുജനത്തെ മണ്ടന്മാരാക്കിയുള്ള ഈ ഒത്തുകളി. ഇത് സാമൂഹിക മനസ്സാക്ഷിയെ വഞ്ചിക്കലാണ്.
ആലപ്പുഴയില്‍ ബികോം പാസ്സാവാതെ എസ്എഫ്‌ഐ ജില്ലാ നേതാവ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എംകോമിന് ചേര്‍ന്ന വിഷയത്തിലും ഇതുവരെ കേസെടുക്കാന്‍ പോലും പോലീസ് തയാറായിട്ടില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയ്ക്ക് സംസ്ഥാനത്ത് എന്ത് തോന്നിവാസവും കാണിച്ചുകൂട്ടാമെന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.
ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന പോലീസിന്റെ നിഷ്‌ക്രിയത്വ മനോഭാവം അംഗീകരിക്കാനാവില്ല. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അക്രമിക്കുകയും തട്ടിപ്പ് നടത്തിയവരെ പൂമാലയിട്ട് സ്വീകരിക്കുകയുമാണവര്‍. ഒത്തുകളി അവസാനിപ്പിച്ച് വിദ്യയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ എബിവിപി സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.