IndiaNEWS

കോടയും കനാലും;കൊടൈക്കനാലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

ഹിൽസ്റ്റേഷനുകൾക്ക് പേരുകേട്ട സ്ഥലമാണ് തമിഴ്നാട്.നീലഗിരി,പഴനി തുടങ്ങിയ മലനിരകൾ തന്നെ ഉദാഹരണം.അതില്‍ പ്രശസ്തമായൊരു ഹില്‍സ്റ്റേഷനാണ് കൊടൈക്കനാ‌ല്‍.
കൊടൈക്കനാലില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് കാണാനും അനുഭവിക്കാനും നിരവധി കാഴ്ചകളും കാര്യങ്ങളുമുണ്ട്.കോയമ്പത്തൂരില്‍ നിന്നും മധുരയില്‍ നിന്നും കൊടൈക്കനാലില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാം.
കൊടൈ ലേക്ക്
 
നക്ഷത്രത്തിന്റെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ഒരു കൃത്രിമ തടാകമാണ് കൊടൈ ലേക്ക്.1863 ലാണ് ഈ തടാകം നിര്‍മിച്ചത്. കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് കൊടൈ ലേക്ക്.ഏകദേശം 60 കിലോമീറ്റര്‍ പരന്നുകിടക്കുന്ന ഇവിടേക്ക് ബസ് സ്റ്റാന്‍ഡില്‍നിന്നും അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ.
ബിയര്‍ ഷോല വെളളച്ചാട്ടം
 
റിസര്‍വ്വ് ഫോറസ്റ്റിന് അകത്തായാണ് ബിയര്‍ ഷോല വെളളച്ചാട്ടം സ്ഥിതിചെയ്യുന്നത്.ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് 3 കിലോമീറ്റര്‍ ദൂരമുണ്ട്. കരടികള്‍ വെള്ളം കുടിക്കാന്‍ വന്നിരുന്ന സ്ഥലമായതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്.
ബെരിജം തടാകം
 
കൊടൈക്കനാല്‍ ഹില്‍ സ്‌റ്റേഷനില്‍നിന്നും 20 കിലോമീറ്റര്‍ അകലത്തിലായാണ് ബെരിജം തടാകം സ്ഥിതി ചെയ്യുന്നത്. കാടിനകത്ത് സ്ഥിതിചെയ്യുന്ന ഈ തടാകത്തിലെത്തണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്.
കോക്കേഴ്‌സ് വാക്ക് 
 
ഇവിടം കണ്ടുപിടിച്ച ലഫ്റ്റനന്റ് കേണല്‍ കോക്കറില്‍ നിന്നുമാണ് ഈ സ്ഥലത്തിന് കോക്കേഴ്‌സ് വാക്ക് എന്ന പേരുകിട്ടിയത്. 1872 ലായിരുന്നു ഇത്. കൊടൈക്കനാല്‍ തടാകത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

ബ്രയാന്റ് പാര്‍ക്ക്

 

ബസ് സ്റ്റാന്‍ഡില്‍നിന്നും അരക്കിലോമീറ്റര്‍ കിഴക്കോട്ട് നടന്നാല്‍ ബ്രയാന്റ് പാര്‍ക്കിലെത്താം. മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ബ്രയാന്റ് പാര്‍ക്ക്. ഈ പാര്‍ക്കിന്റെ പ്ലാന്‍ നിർമ്മിച്ച എച്ച് ഡി ബ്രയാന്റിന്റെ പേരാണ് പാര്‍ക്കിനും നല്‍കിയിരിക്കുന്നത്.

ബൈസന്‍ വെല്‍സ്

Signature-ad

ഏകദേശം എട്ടുകിലോമീറ്ററോളം പരന്നുകിടക്കുന്ന പ്രദേശമാണ് ബൈസന്‍ സര്‍ക്കിള്‍. ട്രക്കിംഗ്, ഹൈക്കിംഗ്, പ്രിയരുടെ ഇഷ്ടകേന്ദ്രമാണിത്. പക്ഷികളെ നിരീക്ഷിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും ഇവിടെ ആളുകളെത്തുന്നു. കാട്ടുപോത്ത്, നീലഗിരി കുരങ്ങ്, കാട്ടാട് തുടങ്ങിയ കാട്ടുമൃഗങ്ങളെയും ഇവിടെ കാണാം.

ഗ്രീന്‍ വാലി വ്യൂ

ഗ്രീന്‍ വാലി വ്യൂവിന്റെ വേറൊരു പേരുകേട്ടാല്‍ നമുക്ക് എളുപ്പം മനസ്സിലാകും.സൂയിസൈഡ് പോയന്റ്. അഗാധവും അപകടരവുമായ സൂയിസൈഡ് പോയന്റിന് 5000 അടിയിലധികം താഴ്ചയുണ്ട്. കൊടൈക്കനാല്‍ തടാകത്തില്‍ നിന്നും അഞ്ചരക്കിലോമീറ്റര്‍ യാത്രചെയ്താല്‍ ഗ്രീന്‍ വാലി വ്യൂ അഥവാ സൂയിസൈഡ് പോയന്റില്‍ എത്താം.

കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രം

കൊടൈക്കനാല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്താണ് കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. കുറിഞ്ഞി ഈശ്വരന്‍ അഥവാ മുരുകനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

പില്ലര്‍ റോക്സ്

കൊടൈക്കനാല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും എട്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പില്ലര്‍ റോക്ക്‌സിലെത്താം. കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഗ്രാനൈറ്റിലുള്ള മൂന്ന് കൂറ്റന്‍ തൂണുകളില്‍ നിന്നാണ് ഈ സ്ഥലത്തിന് പില്ലര്‍ റോക്ക്‌സ് എന്ന പേരുകിട്ടിയത്.

ഡോള്‍ഫിന്‍സ് നോസ്

ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഡോള്‍ഫിന്‍സ് നോസ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 6,600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിരപ്പായ പാറക്കൂട്ടങ്ങളാണ് ഇത്. പമ്പാര്‍ പാലം കഴിഞ്ഞാല്‍ ചെങ്കുത്തായ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ ഒരു കിലോമീറ്റര്‍ മലകയറിയാല്‍ ഇവിടെ എത്താം.

Back to top button
error: