KeralaNEWS

ഫെഡറല്‍ ബാങ്ക് ശാഖ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തൃശൂര്‍: കട ബാദ്ധ്യതയെ തുടര്‍ന്ന്  വായ്പയെടുത്ത ബാങ്കിന്റെ ശാഖ കത്തിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
തെക്കുംകര മണലിത്തറ ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടില്‍ ലിജോയാണ് (36) അത്താണിയിലെ ഫെഡറല്‍ ബാങ്ക് ശാഖ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് കന്നാസില്‍ പെട്രോളുമായി ലിജോ ബാങ്കിലെത്തിയത്. ബാങ്ക് കത്തിക്കാൻ പോവുകയാണെന്നും ആരും പുറത്തിറങ്ങരുതെന്നും വിളിച്ചുപറഞ്ഞ് പെട്രോള്‍ ഒഴിച്ചു. സ്വന്തം ശരീരത്തിലും കാഷ് കൗണ്ടറിലും പെട്രോള്‍ ഒഴിച്ചു. തടയാൻ ശ്രമിച്ച അസി. മാനേജര്‍ കെ.ആനന്ദിന്റെ ശരീരത്തിലും പെട്രോള്‍ വീണു.

 

Signature-ad

മൂന്ന് വനിതാ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരനും അടക്കം അഞ്ച് പേരാണ് ബാങ്കിലുണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ പുറത്തേക്ക് ഇറങ്ങിയോടി. സംസ്ഥാന പാതയിലൂടെ വടക്കാഞ്ചേരി ഭാഗത്തേക്ക് ഓടിയ ലിജോയെ കുറ്റിയങ്കാവ് ജംഗ്ഷനില്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.

 

ചോദ്യം ചെയ്യലില്‍ വൻ സാമ്ബത്തിക ബാദ്ധ്യതയുണ്ടെന്നും വായ്പയെടുത്ത് അടച്ചു തീർക്കാൻ മാർഗമില്ലെന്നും ഇയാൾ പറഞ്ഞു.ലിജോ ഫെഡറല്‍ ബാങ്ക് വടക്കാഞ്ചേരി ബ്രാഞ്ചില്‍ നിന്ന് നാല് ലക്ഷം രൂപ വായ്പയെടുത്തിരുന്നതായും പറയുന്നു. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.

Back to top button
error: