KeralaNEWS

എലിപ്പനി പ്രതിരോധം എങ്ങനെ?

ഴക്കാലം തുടങ്ങിയതോടെ എലിപ്പനിയും പടരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് എലിപ്പനി ബാധച്ച്‌ പൊലിഞ്ഞത് 27 മനുഷ്യജീവനുകളാണ്.
എലി, പെരുച്ചാഴി എന്നിവയുടെ മൂത്രം കലര്‍ന്ന വെള്ളവും ചെളിയുമാണ് രോഗ സ്രോതസ്. തൊലിപ്പുറത്തെ പോറലുകള്‍, മുറിവുകള്‍ എന്നിവ വഴിയാണ് എലിപ്പനി രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. എലിപ്പനി ആരേയും ബാധിക്കാമെങ്കിലും കര്‍ഷകര്‍, കൂലിത്തൊഴിലാളികള്‍, തൊഴിലുറപ്പ്, ശുചീകരണ തൊഴിലാളികള്‍, ഓടകളും കുളങ്ങളും വൃത്തിയാക്കുന്നവര്‍, കന്നുകാലികളെയും പന്നികളെയും വളര്‍ത്തുന്നവര്‍, ഫാമുകളിലെ തൊഴിലാളികള്‍, കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, നദികളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും വൃത്തിയാക്കാത്ത സ്വിമ്മിംഗ് പൂളുകളിലും നീന്തുന്നവര്‍ എന്നിവരൊക്കെ എലിപ്പനിക്കെതിരേ അതീവ കരുതലും ജാഗ്രതയും പുലര്‍ത്തണം.

എലിപ്പനി രോഗാണു അകത്തുകടന്നാല്‍ ഏകദേശം അഞ്ചു മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചിലപ്പോള്‍ രണ്ടു ദിവസങ്ങള്‍ മതിയാവാം. അല്ലെങ്കില്‍ നാലാഴ്ച വരെയെടുക്കാം. പലവിധ ലക്ഷണങ്ങളോട് കൂടിയതാണ് എലിപ്പനി. ഏറ്റവും പ്രധാന ലക്ഷണങ്ങള്‍ പെട്ടന്നുണ്ടാവുന്ന കടുത്ത പനിയും നല്ല പേശീവേദനയുമാണ്. പനിയുടെ കൂടെ കുളിരും വിറയലും ഉണ്ടാകാം. തലവേദന, കണ്ണില്‍ ചുവപ്പുനിറം, ശരീരത്തില്‍ തിണര്‍പ്പ്, ചര്‍ദ്ദി, വയറിളക്കം, വയറുവേദന, മഞ്ഞപ്പിത്ത ലക്ഷങ്ങള്‍ (കണ്ണിലും ചര്‍മ്മത്തിലും മഞ്ഞനിറം) എന്നിവയെല്ലാം എലിപ്പനിയുടെ അനുബന്ധ ലക്ഷണങ്ങളാണ്. പേശി അമര്‍ത്തുമ്ബോള്‍, പ്രത്യേകിച്ചും തുടയിലെ പേശികളില്‍ മുറുകെപ്പിടിക്കുമ്ബോള്‍ കടുത്ത വേദന അനുഭവപ്പെടുന്നത് പ്രധാനപ്പെട്ട ഒരു രോഗസൂചനയാണ്. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെട്ടാല്‍ എലിപ്പനി സംശയിക്കാവുന്നതും  ഉടനടി വിദഗ്ധ ചികിത്സ തേടേണ്ടതുമാണ്.

 

Signature-ad

എലിപ്പനി പ്രതിരോധം എങ്ങനെ?

കൃഷി അനുബന്ധ ജോലികളില്‍ ഏര്‍പ്പെടുമ്ബോള്‍ വെള്ളം കയറാത്ത ഗംബൂട്ട്‌സുകളും റബര്‍ കൈയുറകളും ധരിക്കണം. ചര്‍മ്മത്തില്‍ മുറിവോ, വൃണമോ, കീറലോ ഉണ്ടെങ്കില്‍ രോഗാണുവിന് അനായാസം ശരീരത്തിനുള്ളില്‍ കടക്കാനാവും. മുറിവുകള്‍ ഉണ്ടെങ്കില്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടി മുറിവിനു പുറത്ത് ബാന്‍ഡേജ് ഒട്ടിക്കണം.

1. പാടത്തേയും പറമ്ബിലേയും കെട്ടിനില്‍ക്കുന്ന ജലത്തില്‍ മുഖം കഴുകരുത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലും മലിനജലത്തിലും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം.

2. മൃഗങ്ങളുടെ വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും സ്പര്‍ശിക്കാനിടവന്നാല്‍ സോപ്പിട്ട് കഴുകണം. പശു, എരുമ, പന്നി, ആട്, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങളും മറ്റും കൈകാര്യം ചെയ്യുമ്ബോള്‍ കൈയുറയും ഗംബൂട്ടുകളും ഉപയോഗിക്കണം. അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത ശേഷം തൊഴുത്തും പരിസരവും ബ്ലീച്ചിങ് പൗഡറോ മറ്റ് അണുനാശിനികളോ ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കണം.

3. ജൈവമാലിന്യങ്ങള്‍, മൃഗങ്ങളുടെ തീറ്റ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം തൊഴുത്തിലും പരിസരത്തും കെട്ടികിടന്നാല്‍ എലികള്‍ക്ക് പെറ്റുപെരുകാനുള്ള അനുകൂലസാഹചര്യമൊരുക്കും. ജൈവമാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിന് മുഖ്യപരിഗണന നല്‍കണം. വളര്‍ത്തുമൃഗങ്ങളുടെ തീറ്റകള്‍ സുരക്ഷിതമായി അടച്ചു സൂക്ഷിക്കണം. തൊഴുത്തിലേയും പരിസരത്തേയും എലിമാളങ്ങളും പൊത്തുകളും അടക്കാന്‍ മറക്കരുത്.

4. എലികള്‍ കയറാന്‍ സാധ്യതയുള്ളതിനാല്‍ തൊഴുത്തിലെ പുല്‍ത്തൊട്ടിയില്‍ രാത്രികാലങ്ങളില്‍ കാലിതീറ്റ അവശിഷ്ടങ്ങള്‍ ബാക്കി കിടക്കാതെ കൃത്യമായി നീക്കം ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കണം.

5. ഡയറി ഫാമുകളിലും പിഗ് ഫാമുകളിലും അഴുക്കുവെള്ളം കെട്ടി നില്‍ക്കാതെ ഒഴുകി പോവാന്‍ പ്രത്യേക സംവിധാനം (ഡ്രൈനേജ് സിസ്റ്റം) ഒരുക്കേണ്ടത് വളരെ മുഖ്യമാണ്. ഫാമില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പരിസരങ്ങളില്‍ ഇടപെടുമ്ബോള്‍ നിര്‍ബന്ധമായും ഗംബൂട്ടുകള്‍ ധരിക്കണം.

6. കെട്ടിനില്‍ക്കുന്ന വെള്ളവും, ചെളിയുമായും വളര്‍ത്തുമൃഗങ്ങള്‍ക്ക് സമ്ബര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൃഗങ്ങളെ ഇറക്കുകയോ കുളിപ്പിക്കുകയോ ചെയ്യുരുത്. വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും മൃഗങ്ങളെ മേയാന്‍ വിടരുത്. മലിനമായ വെള്ളം വളര്‍ത്തുമൃഗങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കരുത്.

7. ചെളിവെള്ളത്തിലോ കെട്ടികിടക്കുന്ന വെള്ളത്തിലോ ഇറങ്ങി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കണം.

Back to top button
error: