Fiction

സ്വന്തം ജീവിതം എങ്ങനെ മികച്ചതും സന്തോഷകരവുമാക്കാം എന്ന് നമ്മൾ തന്നെ തീരുമാനിക്കുക

വെളിച്ചം

എന്തിനേയും പോസറ്റീവ് ആയി കാണുന്ന ചിന്താഗതിക്കാരനാണ് അയാള്‍. അതുകൊണ്ട് തന്നെ അയാളെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. തന്റെ കൂടെയുള്ളവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അതില്‍ ഇടപെട്ട് ഏറ്റവും ഉചിതമായ പരിഹാരം കണ്ടെത്താനും അയാള്‍ ശ്രമിച്ചിരുന്നു.

Signature-ad

ഒരിക്കല്‍ അയാള്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ടു. സ്വന്തം വീട്ടില്‍ വച്ചായിരുന്നു സംഭവം. അവര്‍ വെടിയുതിര്‍ത്തു. ഭാഗ്യത്തിന് അടുത്തുളള ആളുകള്‍ അയാളെ കണ്ടെത്തുകയും ഉടൻ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഓപ്പറേഷന്‍ തിയറ്ററിലേക്ക് പോകുന്ന സമയത്ത് ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടേയും മുഖത്ത് ആശങ്കകള്‍ നിറഞ്ഞു നിൽക്കുന്നത് അയാള്‍ കണ്ടു. മരിച്ചുപോയ ഒരു വ്യക്തിയെപ്പോലെ അവര്‍ തന്നെ നോക്കുന്നത് കണ്ട് അയാള്‍ക്ക് സങ്കടമായി. ഓപ്പറേഷന്‍ ടേബിളില്‍ കിടത്തിയപ്പോള്‍ താന്‍ മരിച്ചിട്ടില്ല എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ അയാള്‍ ആവതും ശ്രമിച്ചു. അയാള്‍ നേഴ്‌സിനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അവര്‍ അയാളോട് എന്തിനെങ്കിലും അലര്‍ജിയുണ്ടോ എന്ന് ചോദിച്ചു.
അലര്‍ജി ഉണ്ടെന്ന് ആയാള്‍ ഉറക്കെ പറഞ്ഞു. ഇതു കേട്ട് ഓപ്പറേഷന്‍ തിയേറ്ററിലെ എല്ലാവരുടേയും ശ്രദ്ധ അയാളുടെ മറുപടിയിലേക്കായി.
അയാള്‍ വീണ്ടും ഉറക്കെ തന്നെ പറഞ്ഞു. ‘എന്റെ ശരീരത്തിലെ ബുള്ളിറ്റിനോട് എനിക്ക് അലര്‍ജിയുണ്ട്’എന്ന്. അയാള്‍ തുടര്‍ന്നു:

‍ ” പക്ഷേ നിങ്ങൾ എല്ലാവരും മികച്ച ഡോക്ടര്‍മാര്‍ ആണെന്നും എന്റെ ജീവന്‍ എനിക്ക് തിരിച്ചുതരുമെന്നും എനിക്ക് ഉറപ്പുണ്ട്.”

മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ അയാള്‍ ജീവിത്തിലേക്ക് തിരിച്ച് വന്നു. ഓരോ ദിവസവും നന്നായി ജീവിക്കാനും പോസിറ്റീവ് ആയി ചിന്തിക്കാനുമുള്ള ഒരു ചോയ്‌സ് നമുക്കുണ്ട്. നമ്മുടെ ജീവിതം എങ്ങനെ മികച്ചതും സന്തോഷകരവും ആക്കാനാവും എന്ന് നമുക്ക് തിരഞ്ഞെടുക്കാനാകും. തീരുമാനം നമ്മുടെ കയ്യിലാണ്. അത് വിവേകത്തോടെ തന്നെ നമുക്ക് തിരിഞ്ഞെടുക്കാം.
ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: