കാസർകോട്:കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ 91 കിലോമീറ്റര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ നേതൃത്വത്തിൽ കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകും.
ബംഗളൂരു-കാഞ്ഞങ്ങാട് റെയില്‍ യാത്രാ സമയം ഏഴു മണിക്കൂറായി ചുരുക്കാന്‍ കഴിയുന്ന പദ്ധതിയാണിത്. കര്‍ണ്ണാടകയില്‍ പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി സിദ്ധരാമയ്യയേയും മറ്റ് മന്ത്രിമാരെയും ജനപ്രതിനിധികളെയും കണ്ട് നിവേദനം നല്കാന് കാഞ്ഞങ്ങാട് നഗരവികസന കര്‍മസമിതി യോഗത്തിലാണ് തീരുമാനമായത്.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഇ.ചന്ദ്രശേഖരന് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ബംഗളുരുവില്‍ ചെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കാണും. സുള്ള്യയിലെ ജനപ്രതിനിധികളും കര്‍മസമിതി ഭാരവാഹികളും ഒപ്പമുണ്ടാകും.
നേരത്തെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കര്‍മസമിതി ഭാരവാഹികള്‍ നേരില്‍ കണ്ട സന്ദര്‍ഭത്തില്‍ അനുകൂലമായി പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ ഭരണമാറ്റം കാര്യങ്ങള്‍ തകിടം മറിച്ചു.
കേന്ദ്ര മാനദണ്ഡപ്രകാരം കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ പകുതി വിഹിതം വഹിക്കാന്‍ കേരള സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നുവെങ്കിലും കര്‍ണാടക ഭരണകൂടം ഇനിയും അനുകൂല തീരുമാനം എടുത്തിട്ടില്ല.