കാന്തിവല്ല കപോള്‍ വിദ്യാനിധി ഇന്റര്‍നാഷനല്‍ സ്കൂള്‍ അസംബ്ലിയില്‍ ബാങ്കുവിളി ലൗഡ്സ്പീക്കറില്‍ കേള്‍പ്പിച്ചതിന്റെ വിഡിയോ പ്രചരിച്ചതോടെ ഒരു വിഭാഗം രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബി.ജെ.പി, ശിവസേന നേതാക്കളും സ്കൂളിലെത്തി പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
എല്ലാ മതങ്ങളുടെയും പ്രാര്‍ഥനകള്‍ കുട്ടികളെ കേള്‍പ്പിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുവിളിയെന്ന് സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചെങ്കിലും, ഹിന്ദു മാനേജ്മെന്റിനു കീഴിലുള്ള സ്കൂളില്‍ ഹിന്ദുപ്രാര്‍ഥന മാത്രം മതിയെന്നും തങ്ങളുടെ കുട്ടികളെ ഹിന്ദുസംസ്കാരം പഠിക്കാനാണ് ഇവിടെ ചേര്‍ത്തതെന്നും പറഞ്ഞ് രക്ഷിതാക്കള്‍ ബഹളംവെയ്ക്കുകയായിരുന്നു.
പ്രാദേശിക ഹിന്ദുത്വ സംഘടന നേതാക്കളും സ്കൂളിനെതിരെ രംഗത്തുവന്നതോടെ, അധ്യാപികയെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പല്‍ അറിയിക്കുകയായിരുന്നു. സംഭവം അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്കൂള്‍കുട്ടികളെ മതംമാറ്റാൻ ശ്രമിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് പ്രാദേശിക ശിവസേന നേതാവ് പൊലീസില്‍ പരാതി നല്കി.