KeralaNEWS

തെന്മലയിൽ പോകാം, കാഴ്ചയുടെ വസന്തത്തിൽ ആറാടാം;  പൂമ്പാറ്റകളൊരുക്കുന്ന വർണ്ണവിസ്മയത്തിൽ മതിമറന്നിരിക്കാം

ചിറകടിയൊച്ച കേൾപ്പിക്കാതെ തെന്മലയിലെ കാട്ടിൽ പാറിനടക്കുന്ന ആയിരക്കണക്കിനു പൂമ്പാറ്റകളുടെ വിസ്മയക്കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ശലഭോദ്യാനത്തിലാണ് ഹൃദ്യമായ ചിത്രശലഭക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ശലഭോദ്യാനം ആസ്വദിക്കുക മാത്രമല്ല, പശ്ചിമഘട്ട മലനിരകളിൽ ഉറങ്ങുന്ന തെന്മലയുടെ കാനനഭംഗിയും ആസ്വദിക്കാം.

മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ 2001 ലാണ് തെന്മല ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തത്.

Signature-ad

ശലഭക്കാഴ്ച

നാലര ഏക്കർ വിസ്തൃതിയുള്ള, ഇന്ത്യയിലെ ഈ ആദ്യ ശലഭോദ്യാനത്തിൽ 150ൽ അധികം ഇനം ശലഭങ്ങളുണ്ട്. സ്വാഭാവിക ചുറ്റുപാടുകൾ ഒരുക്കി  ആകർഷിച്ചാണ് ചിത്രശലഭങ്ങളെ ഇവിടെ കുടിയിരുത്തിയിരുക്കുന്നത്. ഓരോ ശലങ്ങൾക്കും ഏറെ പ്രിയമുള്ളൊരു ചെടികാണും. അത്തരം ചെടികളും ഇവിടെ വച്ചുപിടിപ്പിച്ചിട്ടുണ്ട്. മഴക്കാടുകൾ തേടിയെത്തുന്ന ഒട്ടേറെ ദേശാടന ശലഭങ്ങൾക്കും അഭയമാണ് ഈ ഉദ്യാനം. സുവർണോക്കില ശലഭം, കരിയില ശലഭം, കറുപ്പൻ, പനയോല ശലഭം, നാൽക്കണ്ണി, മാരൻ ശലഭം, ഇരുതലച്ചി, കുഞ്ഞുവാലൻ, ചെങ്കോമാളി, ചിന്നപ്പുൽ നീലി, തവിടൻ തുടങ്ങിയവയാണ് തെന്മമലയിൽ കൂടുകെട്ടിയ പ്രധാനശലഭങ്ങൾ.

മാനിനെ കാണാം

കൊടുംവനങ്ങളിൽ മാത്രം കാണാൻ സാധിക്കുന്ന മാനിനെയും മ്ലാവിനെയും അടുത്തു കാണാനുള്ള സൗകര്യം ഒറ്റക്കൽ മാൻ‌ പുനരധിവാസ കേന്ദ്രത്തിലുണ്ട്. വനത്തിനുള്ളിലെ പ്രത്യേക കൂട്ടിനുള്ളിലാണ് ഇവയെ പരിപാലിച്ചിരിക്കുന്നത്.

അഡ്വഞ്ചർ സോൺ

ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായൊരുക്കിയ അഡ്വഞ്ചർ സോണിൽ മൗണ്ടൻ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, റിവർ ക്രോസിങ് തുടങ്ങിയ കൗതുകങ്ങളുണ്ട്. കാട്ടിലൂടെയുള്ള നടത്തവും അഡ്വഞ്ചർ സോണിന്റെ ഭാഗമാണ്.

സംഗീത ജലധാര

ഈ പദ്ധതിയുടെ പ്രധാന ആകർഷണമാണ് ഇവിടെ ഒരുക്കിയിരിക്കുന്ന മ്യൂസിക്കൽ ഡാൻസിങ് വാട്ടർ ഫൗണ്ടൻ. മൈസൂരു വൃന്ദാവൻ ഗാർഡനിലെ സംഗീത ജലധാരയ്ക്കു സമാനമായ കാഴ്ചയാണ് വൈകുന്നേരങ്ങളിൽ ഇവിടെയുള്ളത്.

കൊക്കൂൺ ടെന്റുകൾ

വനത്തിലെ ടെന്റുകൾ കെട്ടി അവിടെ അന്തിയുറങ്ങാം; വന്യമൃഗങ്ങളുടെ ശല്യമുണ്ടാകില്ല. ഫാമിലി ടെന്റുകളെയാണ് കൊക്കൂണുകൾ എന്നി വിളിക്കുന്നത്. കൂടാതെ, എസിയും നോൺ എസി ഡോർമിറ്ററികളും ഇവിടെയുണ്ട്. കൂട്ടമായി എത്തിയാലും തുച്ഛമായ നിരക്കിൽ ഇവിടെ അന്തിയുറങ്ങാം. കാനന ഭംഗി ആസ്വദിച്ച് തെന്മമല ഡാമിലെ റിസർവോയറിലൂടെ ബോട്ടു സവാരി നടത്താം. കുട്ടികൾക്കായുള്ള  പാർക്കുമിവിടെയുണ്ട്.

മേയ് മാസത്തിലെ വരുമാനം 36 ലക്ഷം രൂപ എന്ന് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന സന്തോഷ് കുമാർ പറഞ്ഞു. മൺസൂൺ ആയാൽ തിരക്ക് അൽപം കുറയുമെങ്കിലും വാരാന്ത്യങ്ങൾ ആഘോഷിക്കാൻ എത്തുന്നവർ ഏറെയാണ്.

Back to top button
error: