കൊച്ചി: കണ്ണമാലിയില്‍ 65 താറാവുകളെ തെരുവു നായകള്‍ കടിച്ചു കൊന്നു. കണ്ണമാലി സ്വദേശിയായ ദിനേശന് വളര്‍ത്തുന്ന താറാവുകളെയാണ് നായകള്‍ കൊന്നത്. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്നു ദിനേശന് പറയുന്നു.
രാവിലെ എഴുന്നേറ്റപ്പോള്‍ മുറ്റത്ത് രണ്ട്, മൂന്ന് താറാവുകള്‍ ചോര വാര്‍ന്ന് ചത്തു കിടക്കുന്നതാണ് ദിനേശന് കണ്ടത്. പിന്നാലെ കൂടിനരികിലേക്കു പോയി. കൂട്ടില്‍ കടിയേറ്റ് ചില താറാവുകള്‍ പിടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് 65 ഓളം താറാവുകള്‍ ചത്തു കിടക്കുന്നതു കണ്ടത്.
രണ്ട് വര്‍ഷമായി ദിനേശന് ഉപജീവനത്തിനായി താറാവിനെ വളര്‍ത്തുന്നുണ്ട്. ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നു അദ്ദേഹം പറയുന്നു. ഒരു മാസമായി തെരുവു നായയുടെ ശല്യം അതിരൂക്ഷമാണെന്ന് ദിനേശന് വ്യക്തമാക്കി.