കൊച്ചി: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്നു തന്നെ പുറത്താക്കിയിട്ടില്ലെന്നു പി.വി. ശ്രീനിജിന്‍ എംഎല്‍എ. അധികചുമതല ഒഴിവാക്കിത്തരണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഇപ്പോഴത്തെ തീരുമാനം. പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ രാജിവയ്ക്കുമെന്നും ശ്രീനിജിന്‍ എംഎല്‍എ പറഞ്ഞു.
എംഎല്‍എയോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയാന്‍ ആവശ്യപ്പെടാന്‍ ഇന്നലെ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എംഎല്‍എ സ്ഥാനത്തിനൊപ്പം മറ്റു ഭാരവാഹിത്വം വേണ്ടെന്നാണു ജില്ലാ കമ്മിറ്റിയില്‍ നിര്‍ദേശമുയര്‍ന്നത്. എംഎല്‍എയ്ക്കു ജനപ്രതിനിധി എന്ന നിലയില്‍ തിരക്കുണ്ടെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ ചുമതല അതിനു തടസ്സമാകരുതെന്നും എം.വി.ഗോവിന്ദന് വിശദീകരിച്ചു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ജൂനിയര്‍ ടീം സിലക്ഷന്‍ സമയത്തു സ്പോര്‍ട്സ് സെന്ററിന്റെ ഗേറ്റ് ശ്രീനിജിന്‍ പൂട്ടിയിട്ടതു വിവാദമായിരുന്നു. ഗ്രൗണ്ടിന്റെ വാടക ബ്ലാസ്റ്റേഴ്സ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു സ്പോര്‍ട്സ് സെന്ററിന്റെ ഗേറ്റ് ശ്രീനിജിന്‍ പൂട്ടിയിട്ടത്. എന്നാല്‍ വാടക കൃത്യമായി നല്‍കിയിട്ടുണ്ടെന്നു സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി വ്യക്തമാക്കിയതോടെ പാര്‍ട്ടി വെട്ടിലായി.