CrimeNEWS

പോലീസ് ജീപ്പ് സ്റ്റേഷനില്‍നിന്നു കവര്‍ന്ന് യുവാവ്; സിനിമാ സ്‌റ്റൈലില്‍ ചെയ്‌സ്‌ചെയ്തു പിടികൂടി

അമരാവതി: തീക്കട്ടയില്‍ ഉറുമ്പരിച്ച അവസ്ഥയിലാണ് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ പോലീസ്. സ്റ്റേഷനില്‍നിന്നു പോലീസ് ജീപ്പ് കവര്‍ന്ന് യുവാവിനെ സംസ്ഥാനം വിട്ടിട്ടും പിടികൂടാനായെന്നതു മാത്രമാണ് സേനയ്ക്ക് ഇപ്പോഴുള്ള ആശ്വാസം. സംഭവം ഇങ്ങനെ: തിങ്കളാഴ്ച ഉച്ചയ്ക്കാണു പതിവ് പെട്രോളിങ് പൂര്‍ത്തിയാക്കി പോലീസിന്റെ രക്ഷക് ജീപ്പ് സിറ്റി സ്റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്യുന്നത്. സ്റ്റേഷനു മുന്നിലാണന്ന ധൈര്യത്തില്‍ ലോക്കു ചെയ്യാതെ ഡ്രൈവര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകള്‍ക്കുശേഷം വാഹനമെടുക്കാനെത്തിയ ഡ്രൈവര്‍ പക്ഷേ ഞെട്ടി. ജീപ്പ് കാണാനില്ല.

സ്റ്റേഷനിലാകെ പരിഭ്രാന്തിയായി. ഇരുപത്തിയഞ്ചുകാരനായ യുവാവ് സ്റ്റേഷനു മുന്നില്‍നിന്നു കൂളായി വാഹനമെടുത്തുപോകുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കണ്ടതോടെ മോഷണം ഉറപ്പിച്ചു. ജിപിഎസ് സിഗ്‌നല്‍ പരിശോധനയില്‍ വാഹനം അതിര്‍ത്തി കടന്നു തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലക്ഷ്യമാക്കി നീങ്ങുന്നതായി മനസ്സിലായി. ഉടന്‍ തമിഴ്‌നാട് പോലീസിനു വിവരം കൈമാറി.

Signature-ad

വന്ദവാസി ടൗണില്‍ തിരുവണ്ണാമലൈ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പ് കണ്ടെത്തി. തമിഴ്‌നാട് പോലീസ് പിന്തുടരുന്നതു കണ്ട് ജീപ്പില്‍നിന്ന് ഇറങ്ങിയോടിയ പ്രതിയെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. വിശാഖപട്ടണം സ്വദേശിയായ സൂര്യ എന്നയാളാണ് അറസ്റ്റിലായത്. സ്റ്റേഷനു മുന്നില്‍ ചുറ്റിതിരിഞ്ഞിരുന്ന ഇയാള്‍, ലോക്ക് ചെയ്തിട്ടില്ലെന്നു മനസ്സിലാക്കി ജീപ്പ് എടുത്തുകൊണ്ടുപോവുകയായിരുന്നു. പോലീസ് വാഹനമായതിനാല്‍ സംസ്ഥാന അതിര്‍ത്തി അടക്കം ഒരിടത്തും ആരും തടയുകയോ പരിശോധിക്കുകയോ ചെയ്തതുപോലുമില്ല.

Back to top button
error: