കൊച്ചി:സ്ത്രീ പീഡന കേസില്‍ നടന് ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദൻ്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉണ്ണി മുകുന്ദൻ ഹരജി നല്‍കിയിരുന്നത്.
സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയുടെ പരാതി. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന് ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തേ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം 23ന് ഉത്തരവിട്ടിരുന്നു.