കൊച്ചി: മിനി കൂപ്പർ വിവാദത്തിൽ സിഐടിയു നേതാവ് പി കെ അനിൽകുമാറിനെതിരെ പാർട്ടി നടപടിക്ക് നീക്കം. അനിൽകുമാറിനെ ചുമതലകളിൽ നിന്ന് നീക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇന്ന് ചേർന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അനിൽകുമാറിന് സിഐടിയു ഭാരവാഹിത്വമാണ് ഉള്ളത്. ഈ സ്ഥാനങ്ങളിൽ നിന്നെല്ലാം ഇദ്ദേഹത്തെ നീക്കാൻ സിഐടിയുവിന് സിപിഎം ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകും.
ആഡംബര വാഹനം വാങ്ങിയതും ഇത് ന്യായീകരിച്ചതും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി. ലളിത ജീവിതം നയിക്കണമെന്ന നിബന്ധന സിഐടിയു നേതാക്കൾക്കും ബാധകം. പെട്രോളിയം ആൻറ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് അനിൽകുമാർ. ടോയോട്ട ഇന്നോവ, ഫോർച്യൂണർ വാഹനങ്ങളും അനിൽകുമാർ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ തന്റെ ഭാര്യയുടെ പേരിൽ വാങ്ങിയ 52 ലക്ഷം രൂപ വിലമതിക്കുന്ന മിനി കൂപ്പർ കാറുമായി ബന്ധപ്പെട്ടാണ് അനിൽകുമാർ വിവാദത്തിലായത്. വാഹനം സ്വന്തമാക്കിയതിൻറെ ചിത്രങ്ങൾ പ്രചരിച്ചതോടെ എറണാകുളത്തെ പാർട്ടി കേന്ദ്രങ്ങളിലും വിഷയം ചർച്ചയായിരുന്നു.
അതേസമയം ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി ഉണ്ടായില്ല. തൃക്കാക്കരയിൽ സ്ഥാനാർത്ഥിത്വത്തിൽ കണ്ടത് തെറ്റായ പ്രവണതകളാണെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ല കമ്മിറ്റി അംഗീകരിച്ചു.