കൊല്ലം: കായികമന്ത്രി അബ്ദുറഹ്‌മാന്‍ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ പിഴയൊടുക്കണമെന്ന് നിര്‍ദ്ദേശം. പുനലൂരിലാണ് സംഭവം. നഗരസഭയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ പിഴയായി നൂറ് രൂപ വീതം നല്‍കണമെന്നാണ് സിഡിഎസ് ഭാരവാഹികളുടെ നിര്‍ദ്ദേശം. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പിഴ അടയ്ക്കണമെന്ന് മറ്റ് അംഗങ്ങളെ അറിയിച്ചത്.
കഴിഞ്ഞ ദിവസം അബ്ദുറഹ്‌മാന്‍ പങ്കെടുത്ത ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധ യോഗങ്ങളിലും അയല്‍ക്കൂട്ട അംഗങ്ങളുടെ എണ്ണം കുറവായിരുന്നു. ഇതാണ് സിഡിഎസ് നേതാക്കളെ ചൊടിപ്പിച്ചത്. സരസ് മേളയിലെ പങ്കാളിത്തം ഉറപ്പാക്കാനാണ് പിഴ നിര്‍ദ്ദേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. സിപിഐ മുന്‍ കൗണ്‍സിലര്‍ സരോജ ദേവി, മുനിസിപ്പല്‍ സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ ഗീതാ ബാബു എന്നിവരാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇത്തരത്തിലൊരു ഓഡിയോ സന്ദേശം ഇട്ടത്.