അബുദാബി: യുഎഇയില്‍ ഉച്ചവിശ്രമ നിയമം ഇന്നു മുതല്‍ നിലവില്‍. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു മണി വരെയാണ് പുറം ജോലികള്‍ ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് അമ്പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. നാളെ മുതല്‍ സെപ്റ്റംബര്‍ പതിനഞ്ച് വരെ ഉച്ചവിശ്രമ നിയമം നിലവിലുണ്ടാകും. ഉച്ച നേരങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തൊഴിലുടര ഒരുക്കണം.
ഈ കാലയളവില്‍ പ്രതിദിന തൊഴില്‍ സമയം എട്ട് മണിക്കൂറില്‍ കവിയരുത്. എന്തെങ്കിലും കാരണത്താല്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വന്നാല്‍ തൊഴിലാളിക്ക് അധിക വേതനം നല്‍കണം. അതേസമയം ജലവിതരണം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അടിയന്തര വിഭാഗങ്ങളില്‍ പുറംജോലികള്‍ ചെയ്യുന്നവരെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളില്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ കുടിവെള്ളമുള്‍പ്പടെ ക്ഷീണമകറ്റാന്‍ ആവശ്യമായതെല്ലാം നല്‍കണം.
നിയമം ലംഘിച്ച് ഉച്ചസമയത്ത് തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുന്ന തൊഴിലുടമയ്ക്ക് അമ്പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലംഘിച്ച് ജോലി ചെയ്യിപ്പിക്കുന്ന ഒരു തൊഴിലാളിക്ക് അയ്യായിരം ദിര്‍ഹം എന്ന നിരക്കിലായിരിക്കും പിഴ ചുമത്തുക.