KeralaNEWS

ആലപ്പുഴയിലെ സിപിഎം വിഭാഗീയത: പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടികൾക്ക് കളമൊരുങ്ങി; എം വി ഗോവിന്ദന്‍ നേരിട്ടെത്തും, മുപ്പതോളം പേരെ തരംതാഴ്ത്തും

ആലപ്പുഴ: ജില്ലയിലെ സിപിഎം വിഭാഗീയതയിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ളവർക്കെതിരെ അച്ചടക്ക നടപടികൾക്ക് കളമൊരുങ്ങി. വിഭാഗീയതയിൽ ഉൾപ്പെട്ട നേതാക്കൾക്കെതിരെയുള്ള നടപടി റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ നേതൃയോഗങ്ങൾ ഈ മാസം 19, 20 തീയതികളിൽ ആലപ്പുഴയിൽ നടക്കും. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ മുപ്പതോളം പേർക്കെതിരെ തരംതാഴ്ത്തൽ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും.

ആലപ്പുഴ ജില്ലയിലെ വിഭാഗീയത ഇനിയും വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിൻറെ നിലപാട്. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്ത് കടുത്ത വിഭാഗീയത അരങ്ങേറിയത് നാല് ഏരിയാ കമ്മിറ്റികളിലാണ്. ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി ,ഹരിപ്പാട് ഏരിയാ സമ്മേളനങ്ങളിലാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. തോൽപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി വിതരണം ചെയ്തത് മുതൽ വോട്ടിനായി വാഗ്ദാനങ്ങൾ നൽകുന്ന നടപടികൾ വരെ അരങ്ങേറി. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ടി പി രാമകൃഷ്ണൻ കമ്മീഷൻ ശക്തമായ നടപടി ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകി. കുറ്റാരോപണ നോട്ടീസ് നൽകി വിശദീകരണം കേട്ട ശേഷമാണ് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കന്നത്.

Signature-ad

നടപടി റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ ഈ മാസം 19, 20 തീയതികളിൽ ചേരും. തരം താഴ്ത്തൽ ഉൾപ്പെടുയള്ള നടപടികളാണ് വിഭാഗീയതയിൽ പങ്കെടുത്തവരെ കാത്തിരിക്കുന്നത്. പി പി ചിത്തരഞ്ജൻ എം എൽ എ, മുൻ എം എൽ എമാരായ സി കെ സദാശിവൻ, ടി കെ ദേവകുമാർ എന്നിവരുൾപ്പെടെ മുപ്പതോളം പേരെയാണ് കമീഷൻ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടേക്കും. തകഴി ഹരിപ്പാട് ഏരിയാ കമ്മിറ്റി സമ്മേളനങ്ങളിൽ ഗുഡാലോചന നടത്തി തോൽപ്പിച്ചവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. ലഹരിവസ്തുക്കൾ കടത്തിയ സംഭവത്തിൽ ഉൾപ്പെട്ട ആലപ്പുഴ നഗരസഭ കൗൺസിലർ എ ഷാനവാസിനെതിരെയുള്ള കമീഷൻ റിപ്പോർട്ടും പരിഗണനയ്ക്ക് വരുന്നുണ്ട്.

Back to top button
error: