അമേരിക്കൻ സന്ദർശനത്തിനിടെയുള്ള ട്രക്ക് സവാരിയുടെ വീഡിയോയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വാഷിംഗ്ടൺ ഡി സിയിൽ നിന്ന് ന്യൂയോർക്കിലേക്കാണ് രാഹുൽ ട്രക്ക് സവാരി നടത്തിയത്. 190 കിലോമീറ്റർ നീണ്ട യാത്രയുടെ വിവരങ്ങൾ രാഹുൽ ഗാന്ധി തന്നെയാണ് യൂട്യൂബിലൂടെ പങ്കുവച്ചത്. ട്രക്ക് ഡ്രൈവർ തൽജീന്ദർ സിങ്ങിനൊപ്പമായിരുന്നു ഈ ട്രക്ക് സവാരിയെന്നും രാഹുൽ വിവരിച്ചിട്ടുണ്ട്. അമേരിക്കയിലെയും ഇന്ത്യയിലെയും ട്രക്ക് ഡ്രൈവർമാരുടെ സാഹചര്യവും മറ്റും വിശദമായി അറിയാൻ യാത്ര ഉപകരിച്ചെന്ന് അദ്ദേഹം വിശദീകരിച്ചു.
യു എസിലെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ യാത്ര ഉപകരിച്ചെന്നും രാഹുൽ വ്യക്തമാക്കി. ഇന്ത്യൻ വംശജനായ തൽജീന്ദർ സിംഗുമൊത്തുള്ള യാത്രക്കിടെ രാഷ്ട്രീയ കാര്യങ്ങളും ചർച്ചാ വിഷയമായി. ഇന്ത്യയിലേയും അമേരിക്കയിലേയും ട്രക്ക് ഡ്രൈവർമാരുടെ ജോലി സാഹചര്യങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. നേരത്തെ ഇന്ത്യയിൽ മുർത്തലിൽ നിന്ന് അംബാല വരെയും, അംബാലയിൽ നിന്ന് ചണ്ഡിഗഡ് വരെയും ദില്ലിയിൽ നിന്ന് ചണ്ഡീഗഢിലേക്കും ട്രക്ക് സവാരി നടത്തിയതിൻറെ അനുഭവങ്ങളും രാഹുൽ ഇതിനൊപ്പം പങ്കുവച്ചു. ഡ്രൈവർമാരെ മനസ്സറിഞ്ഞാണ് അമേരിക്കയിൽ ട്രക്ക് നിർമ്മിച്ചിട്ടുള്ളതെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇന്ത്യയിലെ ട്രക്കുകൾ ഡ്രൈവർമാരുടെ സുഖസൗകര്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ ട്രക്കുകളെ അപേക്ഷിച്ച് അമേരിക്കൻ ട്രക്കുകൾക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ടെന്നാണ് തൽജീന്ദർ സിങ്ങ് പറഞ്ഞതെന്നും രാഹുൽ വിശദീകരിച്ചു.