പത്തനംതിട്ട : കാട്ടുമൃഗങ്ങള്‍ക്ക് പിന്നാലെ മലയോര നാടിന്റെ ഉറക്കംക്കെടുത്തി പെരുമ്ബാമ്ബുകളും. നഗരമദ്ധ്യത്തിലെ മാര്‍ക്കറ്റിനുള്ളിലെ മാലിന്യസംഭരണകേന്ദ്രത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ നിലയില്‍ ഇന്നലെ പെരുമ്ബാമ്ബിനെ കണ്ടെത്തി.
കഴിഞ്ഞ അഞ്ചുദിവസത്തിനുളളില്‍ നഗരത്തിലും നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലുമായി നാലിടത്താണ് പെരുമ്ബാമ്ബിനെ കണ്ടത്.ഇതിൽ ഒരെണ്ണത്തിനെ പിടികൂടി വനംവകുപ്പിന് കൈമാറി. നഗരസഭയിലെ മൂന്നാംവാര്‍ഡിലെ തോട്ടിലും നഗരമദ്ധ്യത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുളള ചതുപ്പിലും കണ്ടെത്തിയ പെരുമ്ബാമ്ബിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. തോന്ന്യാമല ഭാഗത്തെ തോട്ടില്‍ നിന്ന് താറാവിനെ പിടികൂടിയ ശേഷം പാമ്ബ് സമീപത്തെ പാടത്തേക്ക് ഇഴഞ്ഞുപോയി. കഴിഞ്ഞ ദിവസം നാരാങ്ങാനം ഗ്രാമപഞ്ചായത്തിലെ മാടുമേച്ചിലില്‍ ട്രാൻസ് ഫോര്‍മറില്‍ കയറിയ പെരുമ്ബാമ്ബ് ഷോക്കേറ്റ് ചത്തിരുന്നു.
മുൻപ് കിഴക്കൻ വനമേഖലയില്‍ നിന്ന് മലവെളളപ്പാച്ചിലിനൊപ്പമോ ഉരുള്‍പൊട്ടലുണ്ടാകുമ്ബോഴോ ആണ് പെരുമ്ബാമ്ബുകള്‍ നാട്ടില്‍ ഒഴുകി എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പെരുമ്ബാമ്ബിനെ കണ്ടെത്തിയ ഭാഗങ്ങള്‍ നദികളുമായി ബന്ധമില്ലാത്ത ഇടങ്ങളാണ്. തരിശുകിടക്കുന്ന പാടശേഖരങ്ങളിലും കാടുപിടിച്ച പുരയിടങ്ങളിലും ചതിപ്പുനിലങ്ങളിലുമെല്ലാം ഇവയുണ്ടാകാൻ സാദ്ധ്യതയുണ്ട്. മഴയില്‍ പാടശേഖരങ്ങളും തോടുകളും നിറഞ്ഞതോടെ ഇവ ഇരതേടി കരയിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും എത്തിയതെന്നാണ് കരുതുന്നത്.
പക്ഷികളേയും ചെറുജീവികളേയും ചെറിയ മൃഗങ്ങളേയും ആഹാരമാക്കുന്ന പെരുമ്ബാമ്ബിന് വിഷമില്ല. ജീവികളുടെ ശരീരത്തില്‍ ചുറ്റിവരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊന്നാണ് ഇരയെ വിഴുങ്ങുന്നത്. മാസങ്ങളോളും ആഹാരം ഇല്ലാതെ ജീവിക്കാനും പെരുമ്ബാമ്ബിന് കഴിയും. രാത്രിയിലാണ് ഇരതേടുന്നത്. മഴകാലത്ത് ഇവ മുട്ടയിട്ട് അടയിരിക്കും.