തൊടുപുഴ: നാട്ടിലെത്തിയ പ്രവാസി യുവാവിന്റെ ആഗ്രഹം കൊണ്ടു ചെന്നെത്തിച്ചത് പൊലീസ് സ്റ്റേഷനില്‍.
കഞ്ചാവ് ലഹരി ആസ്വദിക്കണമെന്ന പ്രവാസി യുവാവിന്റെ ആഗ്രഹം നാട്ടിലെത്തിയ ഉടനെ തന്നെ സാധിച്ച് കൊടുക്കുന്നതിനിടെ സുഹൃത്തുക്കളും അകത്തായി.
അവധിക്ക് നാട്ടില്‍ എത്തും മുൻപ് കരിമ്ബിൻകാനം സ്വദേശിയായ യുവാവ് കഞ്ചാവിന്റെ ലഹരി എന്തെന്ന് ആദ്യമായി അറിയാനുള്ള ആഗ്രഹം സുഹൃത്തുക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് വിമാനമിറങ്ങി വീട്ടിലേക്ക് പോകാതെ തൊടുപുഴയില്‍ എത്തി. സുഹൃത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിനായി കൂട്ടുകാര്‍ കഞ്ചാവ് പൊതികളുമായാണ് ഇയാളെ സ്വീകരിക്കാനെത്തിയത്.
ഇതിനിടെയാണ് പൊലീസ് പിടികൂടിയത്.കരിമ്ബൻ പൂവത്തിങ്കല്‍ ജോബിൻ ജോയി (20), കരിമ്ബൻകാനം കമ്മത്തുകുടിയില്‍ കെ.യു. സലാം(28), ഉപ്പുതോട് ചാലിസിറ്റി കല്ലുങ്കല്‍ സുമേഷ് സജി (30), കരിമ്ബൻകാനം പള്ളിയാടിയില്‍ ജസ്റ്റിൻ ജയിംസ് (28), മണിപ്പാറ അട്ടിപ്പള്ളം പുളിക്കല്‍ എബിൻ അഗസ്റ്റിൻ (29) എന്നിവരാണ് അറസ്റ്റിലായത്.
ചുങ്കത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്ത് നിന്നാണ് ഇവരെ തൊടുപുഴ ഗ്രേഡ് എസ്.ഐ പി.എ. തോമസും സംഘവും അറസ്റ്റ് ചെയ്തത്. മദ്യവില്‍പ്പനശാലയില്‍ നിന്ന് മദ്യം വാങ്ങിയ ശേഷം വാഹനത്തിൽ കയറുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിനെ കണ്ടപ്പോള്‍ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതികള്‍ പൊട്ടിച്ച് നിലത്ത് വിതറുകയായിരുന്നു.എങ്കിലും അഞ്ച് ഗ്രാം ലഹരിമരുന്ന് ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ലഹരിക്കേസില്‍ അകപ്പെട്ടതോടെ യുവാവിന്റെ വിദേശത്തേയ്ക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്കയിലാണ് ഇയാളുടെ കുടുംബം..