ഗാസിയാബാദ്:ഉത്തര്‍ പ്രദേശിൽ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ വയോധിക അടക്കം രണ്ട് പേര് മരിച്ചു.ഡൽഹി അതിർത്തിയിലെ ഗാസിയാബാദിലായിരുന്നു സംഭവം.
74 കാരിയും 40കാരിയുമാണ് അപകടത്തില്‍ മരിച്ചത്.അതേസമയം കെട്ടിടത്തില്‍ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തി.
തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് വയോധിക മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റാണ് 40 കാരി മരണത്തിന് കീഴടങ്ങിയത്.സംഭവത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഗാസിയാബാദ് ലോനിയിലെ ലാല്‍ ബാഗ് കോളനിയിലെ കെട്ടിടത്തില്‍ ഇന്ന് രാവിലെ 6.52നാണ് തീപിടിത്തമുണ്ടായത്.ട്രോണിക്ക സിറ്റിയില്‍ നിന്നുള്ള രണ്ട് അഗ്നി ശമന സേന യൂണിറ്റും സാഹിബാബാദില്‍ നിന്നുള്ള യൂണിറ്റും എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കുടുങ്ങി കിടന്നവരെ കെട്ടിടത്തിന്റെ ചുവരുകള്‍ തകര്‍ത്താണ് രക്ഷപ്പെടുത്തിയത്. കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.