കോട്ടയം: ശ്രീകോവിലില്‍ നിന്ന് പൂവും പ്രസാദവും നീട്ടുന്ന മേല്‍ശാന്തിയുടെ മനസ്സില്‍ എപ്പോഴും സാഹസികയാത്രയുടെ ശംഖ് മുഴക്കമാണ്. വെറും യാത്രയല്ല. ന്യൂജെന്‍ പിള്ളാരെ വെല്ലുന്ന ബൈക്ക് അഭ്യാസം. വൈക്കം സ്വദേശിയായ ഉണ്ണിക്കൃഷ്ണന് നമ്പൂതിരി (34) അതിനുവേണ്ടി ലക്ഷങ്ങള്‍ കിട്ടിയിരുന്ന ഐ.ടി ജോലി ഉപേക്ഷിച്ചു. മാഞ്ഞൂര്‍ പുതുക്കുളങ്ങര ദേവി ക്ഷേത്രം മേല്‍ശാന്തിയാണ് ഈ കാരന്. രാവിലെയും വൈകിട്ടുമുള്ള പൂജ കഴിഞ്ഞാല്‍ ഹെല്‍മെറ്റും ജാക്കറ്റും ഷൂസുമൊക്കെ ധരിച്ച് ക്ഷേത്രപരിസരങ്ങളില്‍ തന്നെ ബൈക്ക് സ്റ്റണ്ടിംഗാണ്. ജൂലായ് പകുതിയോടെ കോയമ്പത്തൂരില്‍ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പാണ് ലക്ഷ്യം. അതില്‍ വിജയിച്ചാല്‍ ഹിമാലയം റാലിയില്‍ പങ്കെടുക്കണം.
പൂജാരിയുടെ ബൈക്ക് അഭ്യാസങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് ഭക്തജനങ്ങള്‍ കാണുന്നത്. ക്ഷേത്രകാര്യങ്ങളിലോ പൂജാദി കര്‍മ്മങ്ങളിലോ യാതൊരു വീഴ്ചയും വരുത്താറുമില്ല. എല്ലാറ്റിനും ഈശ്വരന്റെ കൃപ വേണമെന്ന ഉറച്ച വിശ്വാസക്കാരനുമാണ്. വൈക്കം തെക്കേനട വടശേരി ഇല്ലത്ത് പരേതനായ കെ.നാരായണന് നമ്പൂതിരിയുടെയും കെ.പി.ഉഷ അന്തര്‍ജനത്തിന്റെയും മകനാണ്.
കോളേജില്‍ പഠിക്കുമ്പോള്‍, 2007ല്‍ തുടങ്ങിയതാണ് ഓഫ് റോഡ് റൈഡിംഗ്. ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കഴിഞ്ഞ് 2010ല്‍ ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ ഇന്‍ഫോപാര്‍ക്കില്‍ ജോലിയും ലഭിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം ജോലി ഉപേക്ഷിച്ചു. വീട്ടുകാര്‍ ആദ്യം നെറ്റിചുളിച്ചെങ്കിലും പിന്നീട് മകന്റെ ഇഷ്ടത്തിനൊപ്പം നിന്നു.
പിന്നാലെ, ഉത്തരാഖണ്ഡിലേക്കൊരു കാല്‍നടയാത്ര. 90 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. അടുത്ത യാത്ര ബൈക്കില്‍ നേപ്പാളിലേക്കായിരുന്നു. സംഘം ചേര്‍ന്നുള്ള 30 ദിവസത്തെ യാത്രക്കിടെ മരിക്കുമെന്ന് തോന്നിപ്പോയ സന്ദര്‍ഭങ്ങള്‍ പലവട്ടമുണ്ടായി. കാളിഗന്ധി നദിയിലെ ഒഴുക്ക് മുറിച്ച് കടക്കുന്നതിനിടെ കല്ല് കുടുങ്ങി ബൈക്ക് അകപ്പെട്ടപ്പോള്‍ മരിച്ചെന്ന് ഉറപ്പിച്ചതാണ്. സഹയാത്രക്കാരന്റെ കൃത്യമായ സഹായമാണ് രക്ഷയായത്. അടുത്ത ദൗത്യം വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള കാശ്മീര്‍ യാത്രയായിരുന്നു. 120 ദിവസം വേണ്ടിവന്നു.
” ക്ഷേത്ര പരിസരത്തെ പരിശീലനം വിശ്വാസികളുടെ പിന്തുണയോടെയാണ്. എന്റെ പാഷന് ഇഷ്ടപ്പെടുന്ന പങ്കാളിയെ കിട്ടിയാല്‍ വിവാഹം കഴിക്കും” -ഉണ്ണികൃഷ്ണന് നമ്പൂതിരി