തിരുവനന്തപുരം: നോർത്ത് പറവൂർ എസ്എച്ച്ഒ ഷോജോ വർഗീസിനെതിരെ ഡിപ്പാർട്ട്മെന്റ് തല നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ വിജിലൻസ് അന്വേഷണ വാർത്തകൾ പത്രങ്ങളെ സ്വാധീനിച്ച് ഇല്ലാതാക്കുന്നുവെന്ന ഫേസ്ബുക്ക് കുറിപ്പിന് ലൈക്ക് നൽകിയെന്നാണ് ആരോപണം.
നയിബ് ഇഎം എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുള്ള കുറിപ്പിനാണ് ലൈക്കടിച്ചത്. പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന്റെ വാർത്തകൾ ചില പത്രങ്ങളെ സ്വാധീനിച്ചുകൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നതാണ് ഉയർന്ന ആരോപണം. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്ന പോസ്റ്റിൽ നോർത്ത് പറവൂർ എസ്എച്ച്ഒ ഷോജോ വർഗീസ് ലൈക്ക് ചെയ്തിട്ടുണ്ട്. വസ്തുതാ വിരുദ്ധമായ ഈ പോസ്റ്റിനെ സാക്ഷ്യപ്പെടുത്തുന്ന നടപടിയാണ് ഷോജോ വർഗീസ് ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു.
കേരള പൊലീസ് സർക്കുലർ പ്രകാരം രാഷ്ട്രീയ ചായ്വുള്ള പോസ്റ്റുകൾക്ക് പോലീസ് ഉദ്യോഗസ്ഥർ ലൈക്ക് ചെയ്യാൻ പാടില്ല. പ്രതിപക്ഷ നേതാവിനെതിരെയുള്ള വ്യാജ വാർത്ത സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ കേരളാ പൊലീസ് ഡിപ്പാർട്ടമെന്റൽ ഇൻക്വൈറീസ്, പണിഷ്മന്റ് ആൻഡ് അപ്പീൽ റൂൾസ് 1958 ചട്ടങ്ങൾ പ്രകാരം അന്വേഷണം നടത്തി തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കണം എന്നും പരാതിയിൽ പറയുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരിൽ വിഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം. വിജിലൻസ് അടക്കം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി നൽകിയത്.
കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിനാണ് സർക്കാർ ഇപ്പോൾ വിജിലൻസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോപണം കഴമ്പുള്ളതാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞാൽ ഇദ്ദേഹത്തിനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും. വിഡി സതീശനെതിരെ ചാലക്കുടി കാതിക്കൂടം ആക്ഷൻ കൗൺസിലാണ് പരാതി നൽകിയത്.