തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ രൂക്ഷവിമർശനവുമായി ഹൈബി ഈഡൻ എംപി. മാധ്യമ സ്വാതന്ത്ര്യം സംസ്ഥാന സർക്കാർ കാറ്റിൽ പറത്തിയെന്ന് ഹൈബി ഈഡൻ എം.പി. വിമർശിച്ചു. ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് കണ്ടത്. അഖിലക്ക് എല്ലാ പിന്തുണയും ഐക്യദാർഡ്യവും ഉണ്ടാവും. മെറിറ്റ് അട്ടിമറിക്കപ്പെടുന്ന മഹാരാജാസ് കോളേജിൻ്റെ ഓട്ടോണമസ് പദവി തിരിച്ചെടുക്കണമെന്നും ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചത്. അഖിലക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.
അഖിലാ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തതിൽ ഇടതുമുന്നണിയിൽ ഭിന്നത ഉയർന്നുവന്നിട്ടുണ്ട്. സർക്കാർ നടപടിയിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിയ സിപിഐ നേതാവ് സി ദിവാകരൻ, റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാർ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും തുറന്നടിച്ചു. ‘മാധ്യമ സ്വാതന്ത്ര്യം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണെന്നിരിക്കെ, മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. വിമർശനങ്ങൾ ഉൾക്കൊള്ളാൻ നല്ല ഭരണാധികാരികൾക്ക് കഴിയണം. പൊലീസ് നടപടിയോട് സിപിഐ യോജിക്കുന്നില്ല. ആരുടേയോ പ്രീതി പിടിച്ച് പറ്റാൻ പൊലീസ് കുത്തിത്തിരിപ്പ് നടത്തുകയാണ്’. സര്‍ക്കാര്‍ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയുമെന്നും സി ദിവാകരൻ വ്യക്തമാക്കി.