KeralaNEWS

മകൻ ഡ്രൈവ് ചെയ്ത കാർ കൂട്ടിയിടിച്ച് അധ്യാപികയായ അമ്മ മരിച്ചു,  5 പേർക്ക് പരുക്ക്; അപകടം കുമരകം കൈപ്പുഴമുട്ടിൽ

കുമരകം കൈപ്പുഴമുട്ടിൽ  മകൻ ഡ്രൈവ് ചെയ്ത കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അധ്യാപികയായ അമ്മ മരിച്ചു. വൈക്കം മറവൻതുരുത്ത് കടൂക്കര സുഭാഷ് ഭവനിൽ സുഭാഷിന്റെ ഭാര്യ ശ്രീകല(59) ആണ് മരിച്ചത്. ഇവരുടെ ഏക മകൻ ഡോ. നിഖിൽ സുഭാഷ്(29), എതിർദിശയിൽ വന്ന കാറിലെ യാത്രക്കാരായ കറുകച്ചാൽ കൈനികര സന്ദീപ് ജോസഫ്(45), സോന(36), അലീഷ(12), ശ്രീകുമാർ(43) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് 4.30ന് കൈപ്പുഴമുട്ട് ബസ് സ്റ്റാൻഡിനു സമീപമാണ് അപകടം. കോട്ടയത്ത് നിന്നു വൈക്കം ഭാഗത്തേക്ക് പോയ, ഡോ. നിഖിൽ ഓടിച്ച കാറും വെച്ചൂർ ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്കു പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരെയും മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശ്രീകലയുടെ ജീവൻ രക്ഷിക്കാനായില്ല. മാവേലിക്കര നവോദയ സ്കൂളിലെ അധ്യാപികയാണ് ശ്രീകല.

Back to top button
error: