IndiaNEWS

അമ്മയുടെ ഓർമ്മയ്ക്ക് താജ്മഹൽ മാതൃകയിൽ  സ്മൃതികുടീരം പണിത് മകൻ

      പിതാവിന്റെ മരണശേഷം 4 സഹോദരിമാരെയും തന്നെയും വളർത്താൻ അമ്മ ജയ്‌ലാനി ബീവി സഹിച്ച കഷ്ടപ്പാടുകൾക്ക് താജ്മഹലിന്റെ മാതൃകയിൽ ഓർമക്കുടീരം പണിത് മകൻ അമറുദ്ദീൻ. 5 കോടി രൂപയാണു കെട്ടിടം പണിയാൻ ചെലവായത്. തമിഴ് നാട്ടിലെ തിരുവാരൂരിനടുത്ത് അമ്മൈയപ്പൻ സ്വദേശികളായ അബ്ദുൽ ഖാദർ, ജെയ്‌ലാനി ബീവി ദമ്പതികളുടെ 5 മക്കളിൽ ഇളയയാളാണ് അമറുദ്ദീൻ ഷെയ്ഖ് ദാവൂദ്.

ചെന്നൈയിൽ ഹാർഡ്‌വെയർ കട നടത്തിവന്ന പിതാവ് അബ്ദുൽ ഖാദർ കുട്ടികൾക്കു പ്രായപൂർത്തിയാകുന്നതിനു മുൻപേ മരിച്ചു. 5 മക്കളുടെ വിദ്യാഭ്യാസവും വിവാഹവും അടക്കമുള്ള മുഴുവൻ ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ ജയ്‌ലാനി ബീവിക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നു. 2020ൽ ജയ്‌ലാനി ബീവി മരിച്ചതോടെയാണ് അമ്മയ്ക്ക് ഉചിതമായ സ്മാരകം പണിയണമെന്ന ആഗ്രഹം അമറുദ്ദീനിലുണ്ടായത്.

തിരുച്ചിറപ്പള്ളിയിലെ സിവിൽ എൻജിനീയറുടെ സഹായത്തോടെ അമ്മയുടെ ജന്മദേശമായ അമ്മൈയപ്പനിൽ താജ്മഹലിന്റെ മാതൃകയിൽ കെട്ടിടം പണിയാൻ തീരുമാനിക്കുകയായിരുന്നു. രാജസ്ഥാനിൽ നിന്ന് എത്തിച്ച മാർബിൾ ഉപയോഗിച്ചാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. മാതാവിന്റെ മരണം അമാവാസി ദിനത്തിലായതിനാൽ എല്ലാ അമാവാസി ദിനങ്ങളിലും 1000 പേർക്ക് വീതം ബിരിയാണി വിതരണം ചെയ്യുന്നുമുണ്ട് ഇവിടെ.

Back to top button
error: