സാന്‍ ജോസ്(കോസ്റ്ററിക്ക): പരീക്ഷ എഴുതാതെയും ജയിക്കാമെന്ന വിവാദം കേരളത്തില്‍ ചൂടുപിടിച്ചിരിക്കെ ഇണ ചേരാതെ തന്നെ ഗര്‍ഭിണിയായ പെണ്‍മുതല കൗതുകമാകുന്നു. മധ്യഅമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയിലെ മൃഗശാലയിലാണ് ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ സംഭവം ഉണ്ടായത്. ആണ് മുതലകളുമായി ഇണ ചേരാതെ പ്രത്യുല്പ്പാദനം നടത്തിയ മുതലയുമായി 99.9 ശതമാനം സാദൃശ്യമുള്ള കുഞ്ഞാണ് പിറന്നത്.
യുഎസിലെ ഗവേഷകര്‍ അടങ്ങുന്ന സംഘം വിഷയത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനു കഴിവുള്ള ജീവികള്‍ ഉണ്ടെങ്കിലും മുതലയില്‍ ഇത്തരമൊരു പ്രതിഭാസം ആദ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഡിഎന്‍എ പരിശോധനയില്‍ നിന്നാണ് ഇണ ചേരാതെ തന്നെയാണ് കുഞ്ഞ് പിറന്നതെന്നടക്കമുള്ള കണ്ടെത്തലുകള്‍ ലഭിച്ചത്. ‘ബയോളജി ലെറ്റേഴ്സ്’ എന്ന ജേണലില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ഫാക്കല്‍റ്റേറ്റീവ് പാര്‍ത്തനോജെനസിസ്’ എന്നാണ് ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷികള്‍, ചില പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഉരഗങ്ങള്‍ മത്സ്യങ്ങള്‍ എന്നിവയെല്ലാം ഈ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. വംശനാശം നേരിടുന്ന ജീവികളില്‍ ഇത്തരം പ്രതിഭാസം സാധാരണയായി കാണപ്പെടാറുണ്ട്
കോസ്റ്റാറിക്കയിലെ മൃഗശാലയില്‍ 16 വര്‍ഷങ്ങളായി ഒറ്റയ്ക്കിട്ടിരുന്ന മുതലയാണ് 14 മുട്ടകള്‍ ഇട്ടത്. ഇതില്‍ ഒരു മുട്ടയില്‍ നിന്നാണ് പൂര്‍ണമായും വളര്‍ച്ച പ്രാപിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ടെത്തിയത്. ജനിതകമായി കൈമാറ്റം ചെയ്യപ്പെട്ടതായിരിക്കാം ഈ കഴിവെന്നാണ് ഗവേഷകരുടെ നിഗമനം. അങ്ങനെയെങ്കില്‍ ഡൈനോസറുകള്‍ക്കും ഇണ ചേരാതെ കുഞ്ഞുങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് കരുതേണ്ടി വരുമെന്നും ഗവേഷകര്‍ പറയുന്നു.