LIFELife Style

”എല്ലാവരും ഉറക്കമായിരുന്നു, ബിനുച്ചേട്ടന്‍ എഴുന്നേറ്റപ്പോള്‍ കണ്ടത് സുധിച്ചേട്ടന്‍ വേദന അനുഭവിക്കുന്നത്”

കൊല്ലം സുധിയുടെ അകാലവിയോ?ഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കലാകേരളം. അപകടത്തിന് തലേദിവസം വരെ തങ്ങളോട് കളിച്ച് ചിരിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അംഗീകരിക്കാനായിട്ടില്ല. പലരും സുധിയുടെ ഓര്‍മകള്‍ പങ്കുവച്ച് രംഗത്തെത്തുന്നുണ്ട്. ഈ അവസരത്തില്‍ അവതാരക ലക്ഷ്മി നക്ഷത്ര പറഞ്ഞ വാക്കുകളാണ് ഏവരുടെയും മനസില്‍ വിങ്ങലാകുന്നത്. സുധിയുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ചും ബിനു അടിമാലിയുടെയും മറ്റുള്ളവരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചും ലക്ഷ്മി കണ്ണീരോടെ പറയുന്നു.

ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍ ഇങ്ങനെ

Signature-ad

നമ്മുടെ കൂട്ടത്തിലൊരാള്‍ പോകുമ്പോള്‍, അതിന്റെ ഒരു വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. എനിക്ക് ആ പരിപാടിയില്‍ എല്ലാവരെക്കാളും ഒരുപടി മുകളില്‍ ഇഷ്ടമുണ്ടായിരുന്നത് സുധിച്ചേട്ടനോടാണ്. ഇതുവരെ സുധിച്ചേട്ടനില്‍ നിന്നും നോ എന്ന വാക്കോ ദേഷ്യപ്പെടുന്നൊരു മുഖമോ ഞാന്‍ കണ്ടിട്ടില്ല. നല്ലൊരു മനുഷ്യനായിരുന്നു. നല്ലവരെയൊക്കെ ദൈവം നേരത്തെ കൊണ്ടുപോകുമായിരിക്കും. സുധിച്ചേട്ടന് തുല്യം സുധിച്ചേട്ടന്‍ മാത്രമാണ്.

സുധി ചേട്ടന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കാര്യങ്ങളൊക്കെ എന്നോട് പറയുമായിരുന്നു. എന്റെ മുഖമൊന്ന് വാടി കഴിഞ്ഞാല്‍ ആദ്യം മനസിലാക്കിയിരുന്നതും സുധി ചേട്ടനാണ്. എന്തുപറ്റി എന്റെ പൊന്നിന് എന്ന് ചോദിക്കുമായിരുന്നു. സുധി ചേട്ടന്റെ ഫാമിലിയുമായും എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ഭാര്യ രേണുവും മകന്‍ കിച്ചുവും ഷൂട്ടിന് അദ്ദേഹത്തോടൊപ്പം വരുമ്പോള്‍ വിശ്രമിച്ചിരുന്നത് എന്റെ മുറിയിലാണ്. ഫാമിലി കഴിഞ്ഞേ സുധി ചേട്ടന് മറ്റെന്തും ഉള്ളു. ഷൂട്ടിനിടയിലും ഒരു ബ്രേക്ക് കിട്ടിയാല്‍ ആദ്യം വീട്ടിലേക്ക് വീഡിയോ കോള്‍ വിളിക്കും.

നല്ലൊരു കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹം. അതെല്ലാവര്‍ക്കും അറിയാം. ഇനി എന്ത് ചെയ്യും. ആത്മാവിന് ശാന്തി കിട്ടട്ടേ. അപകടത്തിന് രണ്ട് ദിവസം മുമ്പ് ഞാന്‍ ചേട്ടനെ കണ്ടതാണ്. അന്ന് ഞാന്‍ ചേട്ടനെ കുറെ ഉപദേശിച്ച് വിട്ടതാ. കാരണം സുധി ചേട്ടന്‍ അടുത്തിടെയായി വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണില്‍ മഞ്ഞ നിറവും വന്നിരുന്നു. ബോഡി ചെക്കപ്പ് നടത്തി എന്താണെന്ന് നോക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. ചെയ്യാമെന്ന് ഉറപ്പ് നല്‍കിയാണ് പോയത്. നമുക്ക് ഇത്രയും വിഷമമുണ്ടെങ്കില്‍ വീട്ടുകാരുടെ അവസ്ഥ ചിന്തിക്കാന്‍ വയ്യ. ആ കുടുംബത്തിന് വേണ്ടി ചെയ്യാന്‍ പറ്റുന്നത് ഞാനും ചെയ്യും. സുധി ചേട്ടന് ഷൂട്ടിന് ഇടാന്‍ ഷര്‍ട്ടൊക്ക ഞാനാണ് സെലക്ട് ചെയ്ത് കൊടുത്തിരുന്നത്. ഇനി ഫ്‌ളോറില്‍ വരുമ്പോള്‍ ഞാന്‍ ഓരോ കാര്യങ്ങളും ആരോടാ പറയുക.

കഴിഞ്ഞ ദിവസം ബിനു ചേട്ടനെ കണ്ടിരുന്നു. അദ്ദേഹം സുഖംപ്രാപിച്ച് വരികയാണ്. സമയമെടുക്കും. എല്ലാവരും ഉറക്കത്തിലായിരുന്നപ്പോഴാണ് അപകടം നടക്കുന്നത്. ബിനു ചേട്ടന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോള്‍ കണ്ടത് സുധി ചേട്ടന്റെ വേദനകളും ബുദ്ധിമുട്ടുകളുമാണ്. എല്ലാം നേരിട്ട് കണ്ടതിന്റെ ഒരു ട്രോമ ബിനു ചേട്ടനുണ്ട്. മഹേഷിന്റെ സര്‍ജറി കഴിഞ്ഞു. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം.

Back to top button
error: