ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന തരത്തിലുള്ള ഫ്‌ളോട്ടുമായി കാനഡയിലെ ബ്രാംപ്ടന്‍ നഗരത്തില്‍ നടന്ന പരേഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ, കാനഡയ്ക്ക് താക്കീതുമായി ഇന്ത്യ. ഇത് കാനഡയ്ക്ക് ഒട്ടും നല്ലതിനല്ലെന്നു ചൂണ്ടിക്കാട്ടിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെത്തന്നെ ഇതു ബാധിക്കുമെന്നും മുന്നറിയിപ്പു നല്‍കി. ഖലിസ്ഥാന്‍ അനുകൂല നീക്കങ്ങളെ കാനഡ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിലയിരുത്തലിലാണ് ജയശങ്കറിന്റെ രൂക്ഷ വിമര്‍ശനം.
ഇന്ദിര ഗാന്ധിയുടെയും അവരെ വധിച്ച സ്വന്തം അംഗരക്ഷകരുടെയും ഫ്‌ലോട്ടുകള്‍ ഉള്‍പ്പെടുന്ന പരേഡിന്റെ ദൃശ്യം കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാനഡയിലെ ബ്രാംപ്ടന്‍ നഗരത്തില്‍ ജൂണ്‍ നാലിനാണ് വിവാദ പരേഡ് അരങ്ങേറിയത്. ജൂണ്‍ ആറിന് ‘ഓപറേഷന്‍ ബ്ലൂ സ്റ്റാറി’ന്റെ 39 ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു വിവാദ പരേഡ് നടന്നതെന്നതും ശ്രദ്ധേയം.
അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ച സിഖ് ഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ നീക്കമാണ് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. 1984 ജൂണ്‍ ഒന്നിന് ആരംഭിച്ച ഓപ്പറേഷന്‍ ജൂണ്‍ ആറിനാണ് അവസാനിച്ചത്. ഇതിന്റെ പ്രതികാരമായാണ് ഇന്ദിര ഗാന്ധിയെ വധിച്ചതെന്നാണ് പരേഡിലെ ഫ്‌ളോട്ട് നല്‍കുന്ന സൂചന. നേരത്തെ, ഇത്തരമൊരു പരേഡ് നടന്നതില്‍ അതൃപ്തി അറിയിച്ച് ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍, ‘ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ’യ്ക്ക് (ജിഎസി) കത്ത് നല്‍കിയിരുന്നു. അതിനിടെ, ഇന്ത്യയിലെ കാനഡ സ്ഥാനപതി കാമറോണ്‍ മക്കേ, പരേഡിനെ തള്ളിപ്പറഞ്ഞും വിമര്‍ശിച്ചും രംഗത്തെത്തി.