KeralaNEWS

പൂനൂര്‍ പുഴക്ക് കുറുകെ പടനിലത്ത് പുതിയ പാലം

കുന്ദമംഗലം:പൂനൂര്‍ പുഴക്ക് കുറുകെ പടനിലത്ത് പുതിയ പാലം വരുന്നു.പടനിലം നരിക്കുനി റോഡിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും പാലം പുനര്‍ നിര്‍മ്മിക്കാത്തതു കാരണം ഇരുഭാഗത്തേക്കും കടന്നപോവുന്ന വാഹനങ്ങള്‍ പാലത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ പാലം വരുന്നത്.
2011 ല്‍ പാലത്തിന് ഭൂമി ഏറ്റെടുക്കാൻ 50 ലക്ഷം രൂപയുടെയും 2018 ല്‍ പാലം നിര്‍മ്മാണത്തിന് 5.5 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന കാലതാമസം കാരണം പ്രവൃത്തി നീണ്ടു പോകുകയായിരുന്നു. പാലം നിര്‍മ്മിക്കുന്നതിന് കുന്ദമംഗലം, മടവൂര്‍ വില്ലേജുകളിലായി 34.2 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഉടമകളില്‍ നിന്ന് മുൻകൂറായി സ്ഥലം ലഭ്യമാക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നുവെങ്കിലും ചില ഉടമകള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പാലം പ്രവൃത്തി നേരത്തേ ടെണ്ടര്‍ ചെയ്യാൻ സാധിക്കാതെ പോയത്.
ഇപ്പോൾത്തന്നെ അറുപത് വര്‍ഷത്തോളം പഴക്കമുള്ള പടനിലത്തെ ഇടുങ്ങിയ പാലം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പാലം നിര്‍മ്മിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുള്ളത്. ആകെ 79 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന് 1.5 മീറ്റര്‍ വീതിയിലുള്ള ഫുട്പാത്ത് ഉള്‍പ്പെടെ 9.5 മീറ്റര്‍ വീതിയാണ് ഉണ്ടാവുക. പടനിലം ഭാഗത്ത് 150 മീറ്റര്‍ നീളത്തിലും ആരാമ്ബ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച്‌ റോഡ് നിര്‍മ്മിക്കുന്ന പ്രവൃത്തിയും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കും.

Back to top button
error: