കോഴിക്കോട്: ഗസ്റ്റ് ലക്ചറാകാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ പ്രതിക്കൂട്ടിലായ കെ വിദ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി കെ.എസ്.യു രംഗത്തെത്തിയതിന് പിന്നാലെ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി കോളജ് അധ്യാപിക രംഗത്ത്. ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ കാര്‍ കത്തിച്ച സംഭവത്തിലാണ് പയ്യന്നൂര്‍ കോളജിലെ മലയാളം അധ്യാപികയായ ഡോ.പി. പ്രജിതയുടെ പ്രതികരണം.
വിദ്യ പയ്യന്നൂര്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരിക്കേ മലയാളത്തില്‍ ഇന്റേണല്‍ മാര്‍ക്ക് മുഴുവന്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ചിലര്‍ തന്റെ കാര്‍ കത്തിച്ചത്. അന്ന് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നു വിദ്യ. ”വിദ്യയ്ക്ക് മലയാളത്തില്‍ അന്ന് ഇന്റേണല്‍ മാര്‍ക്കായി നല്‍കിയത് പത്തില്‍ എട്ടായിരുന്നു. എന്നാല്‍, മുഴുവന്‍ മാര്‍ക്കും നല്‍കണമെന്നതായിരുന്നു വിദ്യയുടെ ആവശ്യം. ഇതില്‍ പരിഭവം കാണിച്ചതിന് പിന്നാലെയാണ് അജ്ഞാതര്‍ കാറിന് തീയിട്ടത് ”- പ്രജിത പറയുന്നു. കോളജിലെ ഒരു വിദ്യാര്‍ഥിയും പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിയായതിനാലാണ് ഇന്റേണല്‍ മാര്‍ക്കാണ് പ്രകോപനത്തിന് കാരണമെന്ന് ഉന്നയിക്കാതിരുന്നതും വിദ്യയുടെ പേരെടുത്ത് കേസ് കൊടുക്കാതിരുന്നതെന്നും അധ്യാപിക പറയുന്നു
എസ്.എഫ്.ഐ നടത്തുന്ന സമരങ്ങളെ എതിര്‍ത്ത മറ്റൊരു അധ്യാപകന്റെ കാറും അന്ന് അക്രമികള്‍ അഗ്നിക്കിരയാക്കിയിരുന്നുവെന്നും പ്രജിത പറയുന്നു ഇരുവീടുകളിലും നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് സമാന രീതിയില്‍ കത്തിച്ചത്. കാറിന് തീയിട്ട ശേഷം അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കത്തിനശിച്ച കാറുകളുടെ ഉടമകളായ രണ്ട് അധ്യാപകരും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ സജീവ പ്രവര്‍ത്തകരാണ്. അധ്യാപകയോഗങ്ങളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും രീതിയില്‍ വിമര്‍ശിച്ചാല്‍ അധ്യാപകരുടെ കാറിന്റെ ചില്ല് തകര്‍ക്കല്‍ കോളജില്‍ പതിവായിരുന്നുവെന്നും അധ്യാപകര്‍ പറയുന്നു.
കാര്‍ കത്തിച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്തിയില്ലെന്നും അധ്യാപിക മാതൃഭൂമിഡോട്ട് കോമിനോട് പറഞ്ഞു. കാര്‍ കത്തിച്ചതില്‍ വിദ്യക്കും സുഹൃത്തുക്കള്‍ക്കും പങ്കുള്ളതുകൊണ്ടാണ് കേസ് തെളിയിക്കപ്പെടാതിരുന്നത് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഈ ആരോപണം കെഎസ്യുവും ഉന്നയിച്ചിരുന്നു.