ക്യാംപസ് രാഷ്ട്രീയത്തിന്റെ ദുരന്തം പ്രമേയമാക്കിയ പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘ചെപ്പ്’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 36 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
പ്രിയദർശൻ– മോഹൻലാൽ ടീമിന്റെ ‘ചെപ്പ്’ റിലീസ് ചെയ്തിട്ട് 36 വർഷം. ‘ക്ളാസ് ഓഫ് 1984’ എന്ന കനേഡിയൻ ചിത്രമാണ് സ്വാധീനം. അധാർമ്മികരായ വിദ്യാർത്ഥികളെ കായികമായി നേരിടേണ്ടി വന്ന അധ്യാപകന്റെ കഥ. ഇംഗ്ലീഷ് സിനിമയിൽ തോക്ക് കൊണ്ടു നടക്കുന്ന പ്രഫസറുണ്ട്; മയക്കുമരുന്നിന് വശംവദരായ വിദ്യാർത്ഥികളുണ്ട്; ഡ്രഗ്ഗ് അടിച്ച് പോസ്റ്റിൽ കയറി വീണു മരിക്കുന്ന വിദ്യാർഥിയുണ്ട്; കോളജ് പ്രിൻസിപ്പലും പോലീസും നിസ്സഹായരായി നിൽക്കുന്ന അവസ്ഥയുണ്ട്; അധ്യാപകന്റെ ഭാര്യയെ ബലാൽക്കാരം ചെയ്യുന്ന കോളജ് റൗഡിയുണ്ട്; അവനെ കൊല്ലുന്ന അധ്യാപകനുമുണ്ട്.
ഇതേ പ്രമേയത്തിന് ഹോളിവുഡിൽ മുൻമാതൃകകളുമുണ്ട്. അമേരിക്കൻ നോവൽ ‘ബ്ളാക്ക്ബോർഡ് ജംഗിൾ’ (1954) പറഞ്ഞതും അധ്യാപകനും വഴക്കാളി വിദ്യാർത്ഥിയും തമ്മിലുള്ള ശണ്ഠയായിരുന്നു. ഇതും സിനിമയായി. ‘നമ്മവർ’ എന്ന കമൽഹാസൻ ചിത്രത്തിന് പിന്നിലും ഇതേ പ്രമേയം തന്നെ.
മലയാള ചിത്രത്തിൽ അമേരിക്കൻ ഗായിക ബ്രെൻഡ ലീ പാടി. ആ ഗാനമെഴുതിയത് പ്രിയദർശൻ. യേശുദാസും സുജാതയും പാടിയ ‘മാരിവില്ലിൻ ചിറകോടെ’ പൂവ്വച്ചൽ ഖാദർ എഴുതി. പ്രിയദർശന്റെ അക്കാലത്തെ സ്ഥിരം സംഗീതകാരൻ രഘുകുമാർ ആയിരുന്നു സംഗീതം. കെജെ ജോയ് പശ്ചാത്തല സംഗീതം. തിരക്കഥ വി.ആർ ഗോപാലകൃഷ്ണൻ. നിർമ്മാണം എവർഷൈൻ തിരുപ്പതി ചെട്ടിയാർ. 1987 ജൂൺ 8 ന് ചിത്രം തീയേറ്ററുകളിലെത്തി.
മോഹൻലാലിന്റേത് ഇംഗ്ളീഷ് അധ്യാപകന്റെ വേഷമായിരുന്നു. ഗണേശനായിരുന്നു വിദ്യാർത്ഥി നേതാവ്. എംപിയുടെ (പ്രതാപചന്ദ്രൻ) മകനാണ് അവൻ. രാഷ്ട്രീയമറയിൽ തെമ്മാടിത്തം അലങ്കാരമായി കൊണ്ടുനടക്കുന്ന വിദ്യാർഥിക്കൂട്ടത്തെ ചിത്രം പ്രതിസ്ഥാനത്ത് നിർത്തി. കോളജ് കാന്റീൻ നടത്തിപ്പുകാരൻ (ജഗതി) ആ ഏർപ്പാട് നിർത്തി പുറത്ത് ഹോട്ടലിൽ തൊഴിലാളിയായി ജോലി ചെയ്യുന്നതിൽ സുഖം കാണുന്നു. നെടുമുടിയുടെ പ്രഫസറും പറയുന്നത് ‘മടുത്തു’ എന്നാണ്. എന്നിട്ടാണയാൾ ചോദ്യത്തിനുത്തരം പറയാൻ വിദ്യാർത്ഥികൾക്ക് നേരെ വടിക്ക് പകരം തോക്ക് ചൂണ്ടുന്നത്. അധാർമ്മികതയുടെ ബലിയാടായി മോഹൻലാലിന്റെ അധ്യാപകൻ കൊല്ലപ്പെടുകയാണ്. അതിന്റെ പ്രതിഫലനമെന്നോണം വിദ്യാർത്ഥിനേതാവും. കോളേജ് ക്യാംപസിൽ രാഷ്ട്രീയം ആവശ്യമാണോ എന്ന് ചിത്രം ചോദിക്കുന്നു.
തിരക്കഥാകൃത്ത് വി.ആർ ഗോപാലകൃഷ്ണൻ ഈ ചിത്രത്തിൽ സഹസംവിധായകനുമായിരുന്നു. പിന്നീട് ‘കാക്കത്തൊള്ളായിരം’ അടക്കം മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തു. 2016 ൽ വി.ആർ ഗോപാലകൃഷ്ണൻ ആത്മഹത്യ ചെയ്തു.