കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച ജിനാഫ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പോലീസ്. കൊലപാതകം, മയക്കുമരുന്ന് ഉപയോഗം, കള്ളക്കടത്ത് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളതെന്ന് പോലീസ് പറഞ്ഞു. ഇന്നലെയാണ് തമിഴ്നാട്ടിലേക്ക് കടന്ന ജിനാഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ആക്രമണത്തിന് ഇരയായി ഇര്‍ഷാദെന്ന യുവാവ് കൊല്ലപ്പെട്ട സംഭവം വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഈ കേസിലെ പ്രതിയാണ് ജിനാഫ്. ഈ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ജിനാഫ് അടുത്തിടെയാണ് മോചിതനായത്. ഇതിന് ശേഷമാണ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്കി പീഡിപ്പച്ചത്.
വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ജിനാഫെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കടത്തിക്കൊണ്ട് വരുന്ന മയക്കുമരുന്ന് ജിനാഫ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ വില്‍പ്പന നടത്താറുണ്ട്. വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടുന്ന സംഘത്തിലെ അംഗം കൂടിയാണ് ഇയാള്‍.