NEWSWorld

കുഞ്ഞിനെ വിട്ടുകിട്ടണം;അരിഹയെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ജര്‍മനിയില്‍ ശിശുസംരക്ഷണ വകുപ്പ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഇന്ത്യൻ വംശജയായ കുഞ്ഞ് അരിഹയെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഇന്ത്യ.
ഗുജറാത്ത് സ്വദേശികളായ  ഭാവേഷ് ഷായുടെയും ഭാര്യ ധാരാ ഷായുടെയും മകളാണ് രണ്ട് വയസുകാരി അരിഹ ഷാ. ഇവർ ജർമ്മനിയിലായിരുന്നു ജോലി നോക്കിയിരുന്നത്. 2021 സെപ്റ്റംബര്‍ മുതല്‍ ബെര്‍ലിനിലെ ഒരു കെയര്‍ ഹോമിലാണ് അരിഹ കഴിയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്തേറ്റ ചെറിയൊരു പരിക്കിനെ ചൊല്ലിയാണ് ജര്‍മൻ സര്‍ക്കാര്‍ കുഞ്ഞിനെ രക്ഷിതാക്കളില്‍നിന്ന് പിരിച്ചത്. ജര്‍മൻ അധികാരികള്‍, കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ മാതാപിതാക്കള്‍ക്കെതിരേ കുറ്റം ചുമത്തുകയും കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

പിന്നീട് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചുകൊടുക്കാൻ സര്‍ക്കാര്‍ തയാറായില്ല. ഡിഎൻഎ ടെസ്റ്റ് നടത്തി പിതൃത്വവും തെളിയിച്ചു. സംശയം ഉന്നയിച്ച ഡോക്ടര്‍മാരും നിലപാട് തിരുത്തി. എന്നാലും കുട്ടിയെ മാതാപിതാക്കള്‍ക്കു കൈമാറാനുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

കുഞ്ഞിനെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജര്‍മൻ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന് 59 ഇന്ത്യൻ എംപിമാര്‍ കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യക്കുള്ള ആശങ്ക ജര്‍മൻ സര്‍ക്കാരിനെ അറിയിക്കാനും അവര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന് മാതാപിതാക്കളുടെ കൂടെ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ജര്‍മൻ ഫോസ്റ്റര്‍ കെയറില്‍ നിര്‍ത്തുന്നതായിരിക്കുമെന്നും അവിടെ കുഞ്ഞ് സുരക്ഷിതയായിരിക്കും എന്നുമാണ് ജര്‍മൻ അധികൃതര്‍ വാദിച്ചത്.

Back to top button
error: