ഭുവനേശ്വർ:രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി ഉയര്‍ന്നു.വൈകിട്ട് 4 മണി വരെയുള്ള കണക്കാണിത്.
803 പേര്‍ക്ക് പരിക്കേറ്റു ഇതില്‍ 56 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. രക്ഷാദൗത്യം പൂര്‍ത്തിയായി ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയെന്ന് റെയില്‍വേ അറിയിച്ചു.ദുരന്തത്തില്‍ റയിൽവെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്ന് തീവണ്ടികള്‍ അപകടത്തില്‍ പെടുന്ന ലോകത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു ഇന്നലെ ഒഡിഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിനപകടം.വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം.
ഒഡീഷയില്‍ ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്സ്പ്രസ് (12841) ഇടിച്ചുകയറിയാരുന്നു അപകടം. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകളിലേക്കു മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.
അതേസമയം ട്രെയിൻ ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പിക്കപ്പ് വാനില്‍ അറവ് മാലിന്യം പോലെ കൂട്ടിയിട്ട് കൊണ്ടുപോയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.