ന്യൂഡല്‍ഹി: ബലാല്‍സംഗം ചെയ്യപ്പെട്ട യുവതിയുടെ ‘ചൊവ്വാദോഷം’ നോക്കാനുള്ള അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി അടിയന്തിര സിറ്റിംഗ് നടത്തി സ്റ്റേ ചെയ്തു.
വ്യാജ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി യുവതിക്ക് ചൊവ്വാദോഷമുണ്ട് എന്ന് വാദിച്ചപ്പോഴാണ് ലഖ്നോ സര്‍വകലാശാലയിലെ ജ്യോതിഷം വകുപ്പ് മേധാവിയോട് ഇക്കാര്യം പരിശോധിക്കാൻ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടത്.
എന്നാല്‍ ജ്യോതിഷം ഒരു ശാസ്ത്രമാണെങ്കിലും ഇവിടെ അതല്ല വിഷയമെന്നും ഇരയുടെ സ്വകാര്യതക്കുള്ള അവകാശം ലംഘിക്കപ്പെട്ടതാണ് വിഷയമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ജ്യോതിഷത്തിന്റെ വശം കോടതി പരിഗണിച്ചത് എന്തിനാണെന്ന് സുപ്രീംകോടതിക്ക് മനസിലാകുന്നില്ലെന്നും ജസ്റ്റിസ് പങ്കജ് മിത്തല്‍ പറഞ്ഞു.
ജ്യോതിഷം ഒരു ശാസ്ത്രമാണെന്ന് അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ സുധാൻഷു ധുലിയ, പങ്കജ് മിത്തല്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ആ വശം പരിഗണിക്കാതെ പ്രതിയുടെ ജാമ്യാപേക്ഷ കേസിന്റെ മെറിറ്റ് നോക്കി തീര്‍പ്പാക്കാൻ അലഹാബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.