നിലമ്പൂർ: മലപ്പുറം ജില്ലയിലെ നാടുകാണി ചുരം പാതയിൽ കാട്ടാന ഇറങ്ങി. ചുരത്തിലെ തേൻപാറക്ക് സമീപമാണ് ഇന്നലെ വൈകുന്നേരം ആറരയോടെ ഒറ്റയാന ഇറങ്ങിയത്. നടുറോഡിൽ ഒറ്റയാൻ നിലയുറപ്പിച്ചതോടെ അന്തർ സംസ്ഥാന പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അരമണിക്കൂർ കഴിഞ്ഞാണ് കാട്ടാന കാട് കയറിയത്.
ആന റോഡിൽ നിലയുറപ്പിച്ചതോടെ ഇരു ഭാഗത്തും നിരവധി വാഹനങ്ങൾ കുടുങ്ങി, ഇതോടെ നീണ്ട ബ്ലോക്കായി. അരമണിക്കൂറോളം റോഡിൽ നിന്ന ആന ഒടുവിൽ കാടുകയറിയതോടെയാണ് ഗതാഗതക്കുരുക്ക് അഴിഞ്ഞത്. അക്രമ സ്വഭവമില്ലാത്ത ഒറ്റയാനാണിത്. ഒറ്റയാൻ ഇടയ്ക്ക് റോഡിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.
അതിനിടെ പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്ത് ചാളയൂരിൽ ആദിവാസി ഊരിന് സമീപം കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാന ചരിഞ്ഞു. ഇന്ന് രാവിലെ ഊരിന് സമീപം എത്തിയ ആനകളെ നാട്ടുകാർ തുരത്തിയിരുന്നു. എങ്കിലും ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകൾ തമ്മിൽ കൊമ്പ് കോർക്കുകയായിരുന്നു. ചരിഞ്ഞ ആനയുടെ പോസ്റ്റുമോർട്ടം നടത്തി സംസ്കരിക്കും. പാലക്കാട് ജില്ലയിലെ പല മേഖലകളിലും വന്യമൃഗ ശല്യം രൂക്ഷമാണ്.