IndiaNEWS

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിനപകടത്തില്‍ മരണം 238 ആയി. 900-ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെയാണ് അപകടം. യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്(12864), ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്(12841), ചരക്കുട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ഗുരുതരമാകുന്നത്. ഇതിലേക്ക് ചരുക്കുവണ്ടിയും വന്നിടിച്ചു.

Signature-ad

കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുര്‍-ഹൗറയുടെ നാലുകോച്ചും പാളം തെറ്റിയ. അപകടത്തില്‍ മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഒഡീഷ ദുരന്തനിവാരണസേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അപകടത്തെത്തുടര്‍ന്ന് 43 ട്രെയിനുകള്‍ റദ്ദ് ചെയ്തതായി റെയില്‍വേ അറിയച്ചു. നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദ് ചെയ്തതായും ചില വണ്ടികള്‍ വഴിതിരിച്ച് വിട്ടതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ഈ നിരവധി സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. ചില ഇടങ്ങളിലേക്ക് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനും റെയില്‍വേ ശ്രമം നടത്തുന്നുണ്ട്.

അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ കുടംബാംഗങ്ങള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റ യാത്രക്കാര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു. റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 033-26382217 (ഹൗറ), 8972073925 (ഖരഗ്പുര്‍), 8249591559 (ബാലസോര്‍), 044-25330952 (ചെന്നൈ).

 

 

 

 

Back to top button
error: