ചേലക്കര ലീഗുമായി വച്ചുമാറുന്നത് വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ ഭാര്യയെ മത്സരിപ്പിക്കാന്‍? കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി മോഹികളുടെ കൂട്ടപ്പൊരിച്ചില്‍; ‘പെയ്ഡ്’ വാര്‍ത്തയുമായി ജില്ലാ നേതാക്കള്‍; സതീശന്‍ തൃശൂര്‍ വിട്ടത് ‘തലപെരുത്ത്’
സ്‌ക്രീനിങ് കമ്മിറ്റി 40 സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. 22ന് ആദ്യ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൈമാറും. വി.ഡി. സതീശന്റെ യാത്ര തുടരുന്നതും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകുന്നതും കണക്കിലെടുത്ത് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുന്നത് മാര്‍ച്ച് ആദ്യപകുതിയിലേക്ക് നീട്ടാനാണ് നീക്കം.

തിരുവനന്തപുരം: വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്കു മുന്നോടിയായി സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കം പാളിയതിനു പിന്നില്‍ എംപിമാര്‍ അടക്കമുള്ള സ്ഥാനാര്‍ഥി മോഹികളുടെ പിടിവാശി. നിലവില്‍ എതിര്‍ സ്ഥാനാര്‍ഥി ആരെന്നു മനസിലായ ശേഷം മാത്രം പ്രാഥമിക പട്ടികയില്‍നിന്ന് ആളുകളെ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് നിര്‍ദേശം. അതേസമയം, ചില നേതാക്കന്‍മാരുടെ ഭാര്യമാരെയടക്കം മത്സരിപ്പിക്കാനുള്ള നീക്കം മണ്ഡലം വച്ചുമാറ്റമടക്കമുള്ള കാര്യങ്ങളിലേക്ക് എത്തുന്നെന്നും സ്ഥാനാര്‍ഥി നിര്‍ണയം വഷളാക്കുന്നു എന്നും ആരോപണമുണ്ട്.
ഏറ്റവും കുടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള, സംസ്ഥാനത്തെ സംബന്ധിച്ചു നിര്‍ണായകമായ തൃശൂരിലടക്കം സ്ഥാനാര്‍ഥി നിര്‍ണയം പാളുന്നതിനു കാരണം ഇതാണെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ വി.ഡി. സതീശന്‍, പുതുയുഗ യാത്രയില്‍ ആവേശത്തോടെ പ്രസംഗിച്ചെങ്കിലും അതൃപ്തനായാണു മടങ്ങിയത്. പല മണ്ഡലത്തിലും സംഘടനയെ ചലിപ്പിക്കേണ്ട നേതാക്കള്‍തന്നെ വിഭാഗീയതയുടെ ഭാഗമായി നില്‍ക്കുകയാണ്.
സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെയുണ്ടായ തര്‍ക്കത്തിലും ആരോപണങ്ങളിലും സ്ഥാനം നഷ്ടമായ ജോസ് വള്ളൂര്‍, വടക്കാഞ്ചേരിയില്‍ നില്‍ക്കാനുള്ള നീക്കത്തിലാണ്. ഇവിടെ മുന്‍ എംഎല്‍എ അനില്‍ അക്കരയ്ക്കും താത്പര്യങ്ങളുണ്ട്. മണലൂര്‍ ടി.എന്‍. പ്രതാപന്‍ ഏറെക്കുറെ ഉറപ്പിച്ചു. ചാലക്കുടിയില്‍ സനീഷ് കുമാര്‍ ജോസഫും കൊടുങ്ങല്ലൂര്‍ ഒ.ജെ. ജനീഷും മത്സരിക്കും. ബാക്കി എല്ലാ സീറ്റുകളിലും കടുത്ത തര്‍ക്കമാണ് നിലനില്‍ക്കുന്നത്.
തൃശൂര്‍ മണ്ഡലത്തില്‍ 78 വയസുള്ള, യുഡിഎഫ് കണ്‍വീനര്‍ ടി.വി. ചന്ദ്രമോഹന്‍ മുതല്‍ മുന്‍ മേയര്‍ രാജന്‍ പല്ലനും നിലവിലെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും വരെ മത്സരിക്കാന്‍ നീക്കം നടക്കുന്നു. നേതാക്കള്‍ മാധ്യമങ്ങളില്‍ തങ്ങളുടെ വാര്‍ത്തകള്‍ വരുത്താനുള്ള ശ്രമത്തിലുമാണ്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ രാപ്പകല്‍ സമരത്തില്‍ ഡിസിസി പ്രസിഡന്റിനെ ഒഴിവാക്കിയിരുന്നു. മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിലായിരുന്നു സമരം.
ചേലക്കര മണ്ഡലത്തെ ലീഗ് മത്സരിക്കുന്ന കോങ്ങാടുമായി വച്ചുമാറാനുള്ള നീക്കം പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്റെ ഭാര്യയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. എന്നാല്‍, ലീഗ് എത്തിയാല്‍ ഇവിടെ ഒരു മത്സരം പോലുമില്ലാതെ തോല്‍ക്കും. ബിജെപിക്കും ചേലക്കരയില്‍ ശക്തമായ സ്വാധീനമുണ്ട്. നിലവില്‍ ചേലക്കര പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണ്. വി.ഡി. സതീശന്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിതന്നെ മത്സരിക്കുമെന്നു പറയുന്നുണ്ടെങ്കിലും എത്രമാത്രം സാധ്യമാക്കുമെന്നതില്‍ വ്യക്തതയില്ല. സീറ്റ് പോകുമെന്ന് ഉറപ്പായതോടെ ഇവിടേക്കു പരിഗണിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ സതീശനെ കാണാന്‍ പോലും തയാറാകാതെ മടങ്ങി.
ഇരിങ്ങാലക്കുട കാലങ്ങളായി കേരള കോണ്‍ഗ്രസ് ആണു മത്സരിക്കുന്നത്. ഇവിടെ തോമസ് ഉണ്ണിയാടനെ നിര്‍ത്തിയാല്‍ പരാജയപ്പെടുത്തുമെന്നു യൂത്ത് കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍, ആദ്യ സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് സമര്‍പ്പിക്കും മുന്‍പായി എംപിമാരെ കോണ്‍ഗ്രസ് നേതൃത്വം വിശദമായി കേള്‍ക്കുന്നുണ്ട്. സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം തിടുക്കപ്പെട്ടു വേണ്ടെന്നും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ട് മുന്‍പ് മതി എന്നുമാണ് ധാരണ.
ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ സിറ്റിങ്, സംവരണ മണ്ഡലങ്ങള്‍ക്കൊപ്പം പ്രഖ്യാപിക്കാന്‍ ഇരിക്കുന്ന ഒറ്റ പേരിലേക്ക് എത്തിയ മണ്ഡലങ്ങളുടെ കാര്യത്തില്‍ പല എംപിമാര്‍ക്കും എതിര്‍പ്പുണ്ട്. വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ല എന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് എംപിമാരെ വിശദമായി കേള്‍ക്കുന്നത്. സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് അഭിപ്രായം തേടി. മുത്താര രാജിന്റെ പേരാണ് മാവേലിക്കരയില്‍ കൊടിക്കുന്നില്‍ മുന്നോട്ട് വക്കുന്നത്.
യുഡിഎഫ് അധികാരത്തിലെത്തുമെന്നും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നും മധുസൂദന്‍ മിസ്ത്രി പറഞ്ഞു. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത് എന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
സ്‌ക്രീനിങ് കമ്മിറ്റി 40 സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. 22ന് ആദ്യ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൈമാറും. വി.ഡി. സതീശന്റെ യാത്ര തുടരുന്നതും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകുന്നതും കണക്കിലെടുത്ത് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുന്നത് മാര്‍ച്ച് ആദ്യപകുതിയിലേക്ക് നീട്ടാനാണ് നീക്കം.
‘ന്യൂസ്ദെൻ‘ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
#Congress, #UDF, #VDSatheesan, #VKSreekandan, #Chelakkara, #ThrissurPolitics, #KeralaElection2026, #PuthuyugaYatra, #KodikunnilSuresh, #KCVenugopal, #IUML, #JoseValloor, #AnilAkkara, #TNPrathapan, #KeralaPolitics, #ElectionNews, #PoliticalDisputes, #DCCPresident, #CandidateSelection, #MalayalamNews






