കോഴിക്കോട്: സേ (സേവ് ഇയർ), ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ പണമടയ്ക്കാനുള്ള തീയതി നാലുദിവസമാക്കി ചുരുക്കിയതും പിഴത്തുക വർധിപ്പിച്ചതും വിദ്യാർഥികളെ വെട്ടിലാക്കി. മേയ് 25-നാണ് പ്ലസ്ടു പരീക്ഷാഫലം വന്നത്. സേ പരീക്ഷയ്ക്ക് പിഴകൂടാതെ പണമടയ്ക്കാനുള്ള തീയതി 29-വരെയായിരുന്നു. അതിലൊരുദിവസം അവധിദിവസമായ ഞായറാഴ്ചയും. ഫലത്തിൽ മൂന്നുദിവസമേ വിദ്യാർഥികൾക്ക് സാവകാശം ലഭിച്ചുള്ളൂ. അതിനുശേഷം സൂപ്പർഫൈൻ 600 രൂപ വാങ്ങിയാണ് അപേക്ഷ സ്വീകരിച്ചത്. അതും രണ്ടുദിവസം മാത്രം.
മുൻവർഷങ്ങളിൽ പണമടയ്ക്കാൻ കൂടുതൽ സാവകാശം നൽകിയിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. 20 രൂപ പിഴയിൽ ഒരു ഘട്ടമുണ്ടായിരുന്നു. അതില്ലാതെയാണ് ഇത്തവണ സൂപ്പർഫൈനിലേക്ക് കടന്നതെന്ന് ആക്ഷേപമുണ്ട്. നാട്ടിലില്ലാത്തവർക്കും പലഭാഗത്തും യാത്രപോയവർക്കും സമയത്തിന് അപേക്ഷിക്കാൻ അവസരംകിട്ടിയില്ല. ഇതേച്ചൊല്ലി സ്കൂൾ അധികൃതരും രക്ഷിതാക്കളും തർക്കത്തിലേർപ്പെടുന്ന സാഹചര്യം പലയിടത്തുമുണ്ടായി.
തങ്ങൾക്ക് ലഭിച്ച സർക്കുലർ പ്രകാരമല്ലാതെ മറ്റുമാർഗമില്ലെന്ന് പറഞ്ഞ് പ്രധാനാധ്യാപകർ കൈമലർത്തുകയായിരുന്നു. പരീക്ഷത്തീയതി നിശ്ചയിച്ചിരിക്കുന്നത് ജൂൺ 21-നാണ്. അതുകൊണ്ടുതന്നെ അപേക്ഷനൽകാൻ കുറച്ചുകൂടി സാവകാശം വിദ്യാർഥികൾക്ക് നൽകേണ്ടതായിരുന്നുവെന്ന് അധ്യാപകരും അഭിപ്രായപ്പെടുന്നു.