കാളി നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ആകർഷണീയമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട കാർവാർ.
ബാംഗ്ലൂരിൽ നിന്ന് 522 കിലോമീറ്റർ അകലെയാണ് കാർവാർ സ്ഥിതി ചെയ്യുന്നത്.നഗരത്തിലുള്ളവർക്ക് വാരാന്ത്യ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.ഒരു സൈഡ് കടലും മറുഭാഗം മഴക്കാടുകളാലും നിറഞ്ഞ കാർവാർ ബാംഗ്ലൂർ, ഗോവ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് റോഡ്, റയിൽ എന്നിവയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
നിങ്ങൾക്ക് ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ വിവിധ ഭാവങ്ങൾ കാണണോ, മഴക്കാടുകളുടെ നിഗൂഢമായ പച്ചപ്പിലേക്ക് ആഴ്ന്നിറങ്ങണോ അതുമല്ലെങ്കിൽ കടലിന്റെ വശ്യതയിൽ നീന്തിത്തുടിക്കണോ ..നേരെ വിട്ടോളൂ കാർവാറിലേക്ക്.
ഡോൾഫിനുകളെ കാണാൻ ഇഷ്ടമാണെങ്കിൽ കാർവാർ ആണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. വർഷം മുഴുവനും ഇവിടെ ഡോൾഫിനുകളെ കാണാൻ കഴിയും.ഒപ്പം ബോട്ടിൽ 45 മിനിറ്റ് അകലെയുള്ള കുറുംഗഡ് ദ്വീപ് സന്ദർശിക്കുകയും ചെയ്യാം.
സ്നോർക്കലിംഗ്, കയാക്കിംഗ്, റിവർ റാഫ്റ്റിംഗ്, ബനാന ബോട്ട് സവാരി തുടങ്ങിയ ജല കായിക വിനോദങ്ങളിൽ ഏർപ്പെടാനും ഇവിടെ സൗകര്യമുണ്ട്.ഇതെല്ലാം വളരെ മിതമായ നിരക്കിൽ ലഭ്യവുമാണ്.
കാർവാറിൽ നിന്ന് 60 കിലോമീറ്റർ മാത്രം അകലെയുള്ള ഒരു ചെറിയ പട്ടണമാണ് യാന. അതിഗംഭീരമായ പാറക്കൂട്ടങ്ങൾക്ക് പേരുകേട്ടതാണ് ഈ സ്ഥലം. ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ പാറക്കൂട്ടങ്ങളാണ് ഇവിടുത്തെ പ്രത്യേകത.മല കയറുന്നവർക്കും ട്രെക്കിംഗ് നടത്തുന്നവർക്കും പറ്റിയ ട്രെക്കിംഗ് സൈറ്റാണ്. മലമുകളിൽ ഒരു ക്ഷേത്രവുമുണ്ട്. നിരവധി ഗുഹകളും ഇവിടെ കാണുവാൻ സാധിക്കും.