കൊല്ലം: ആന്ധാപ്രദേശിൽ നിന്നുമെത്തി സാധനം ഇറക്കി തിരിച്ചുപോകുന്നതിനിടെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചുതകർത്ത ലോറിക്ക് ഒടുവിൽ ‘ശാപമോക്ഷം’. ആരാരും ഏറ്റെടുക്കാനില്ലാതെ 408 ദിനങ്ങൾ റോഡരികിൽ കിടന്ന ലോറി ഒടുവിൽ നാട്ടുകാർ ബിരിയാണി ചലഞ്ച് നടത്തി സമാഹരിച്ച പണം കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
എൻകെ പ്രേമചന്ദ്രൻ എംപിയുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കലയനാട് താമപ്പള്ളി ജംക്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ലോറി നിയന്ത്രണം വിട്ട് തകർത്തത് 2022 ഏപ്രിൽ 16നായിരുന്നു.ലോഡ് തിരിച്ചിറക്കി ആന്ധ്രയിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്. ഈ വിവരം അറിഞ്ഞ് ലോറി ഉടമ ആന്ധ്രയിൽ ജീവനൊടുക്കിയിരുന്നു അതോടെ ഏറ്റെടുക്കാൻ ആളില്ലാതെ ലോറി റോഡരികിൽ തന്നെ കിടക്കുകയായിരുന്നു.
സമീപത്തെ ട്രാൻസ്ഫോമർ അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പണം സമാഹരിച്ച് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും അൽപം അകലേക്കു ലോറി മാറ്റിയിട്ടിരുന്നു. അപകടം നടന്ന് ഒരു വർഷം തികഞ്ഞ ദിവസം ഏപ്രിൽ 16ന് ഇവിടെ നാട്ടുകാർ ഉപവാസവും നടത്തിയിരുന്നു. എന്നിട്ടും അധികൃതർക്ക് ചെറുവിരൽ അനക്കാനായില്ല.ലോറി മാറ്റാനായി ഫണ്ട് അനുവദിക്കുന്നതിന് കലക്ടറെ സമീപിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം അതും നടന്നില്ല. തുടർന്നാണ് ജനകീയ കൂട്ടായ്മ നടത്തിയ മട്ടൺ ബിരിയാണി ചലഞ്ചിലൂടെ ലോറി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.