ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ് സിങ്ങിനെ പിന്തുണച്ച് അയോധ്യയിലെ സന്യാസിമാര്‍.
പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും നിയമഭേദഗതി വേണമെന്നും സന്യാസിമാര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബ്രിജ് ഭൂഷനെ വേട്ടയാടുകയാണെന്ന് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് കമല്‍ നാരായണ്‍ ദാസ് പറഞ്ഞു. നിരപരാധികളെ പോക്സോ നിയമം ദുരുപയോഗം ചെയ്ത് വേട്ടയാടുകയാണ്. വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്, പ്രത്യേകിച്ചും സന്യാസിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ. ബ്രിജ് ഭൂഷണ് ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് -കമല്‍ നാരായണ്‍ ദാസ് പറഞ്ഞു.