താരങ്ങളുടെ പരാതിയില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജനന്ദര്‍ മന്ദറില്‍ സമരത്തിനിടയില്‍ ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത നടപടിയേയും സംഘടന അപലപിച്ചു.
‘സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുടെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച് അന്വേഷിക്കാൻ ഉടൻ യോഗം ചേരും’, സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ഡബ്ല്യു എഫ് ഐ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ സസ്പെന്റ് ചെയ്യുമെന്ന മുന്നറിയിപ്പും സംഘടന നല്കി.
ഒന്നര മണിക്കൂറോളം ഗംഗാതീരത്ത് കുത്തിയിരുന്ന താരങ്ങളെ അനുനയിപ്പിച്ചത് കര്‍ഷക നേതാക്കളാണ്.നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച കര്‍ഷക സംഘടനകള്‍ ഇന്ന് ഖാപ് പഞ്ചായത്ത് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. താരങ്ങള്‍ക്കൊപ്പം പ്രതിഷേധത്തില്‍ അണിനിരക്കാനുള്ള തീരുമാനങ്ങള്‍ ഖാപ് പഞ്ചായത്തില്‍ ഉണ്ടാകും. കര്‍ഷക നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് തത്കാലം പിന്‍വാങ്ങിയെങ്കിലും അഞ്ച് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ഗംഗാ തീരത്തെത്തുമെന്ന് പ്രഖ്യാപിച്ചാണ് ഗുസ്തി താരങ്ങള്‍ മടങ്ങിയത്.