*ഏബ്രഹാം വറുഗീസ്*
കുറച്ചു നാളുകൾക്കു ശേഷമായിരുന്നു കൊച്ചാണ്ടിയെ കാണുന്നത്.രാവിലെ ഞാൻ എഴുന്നേറ്റു വരുന്നതും കാത്ത് വീടിന്റെ മുമ്പിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു അയാൾ. എന്താ കൊച്ചാണ്ടി ഒന്നു വിളിക്കാമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് അയാൾ മറുപടിയൊന്നും പറഞ്ഞതുമില്ല.
മുമ്പ് കാലത്തും വൈകിട്ടുമെല്ലാം ‘പളയ പേപ്പർ ബുക്ക്.. ..’എന്നൊക്കെ വിളിച്ചുകൊണ്ട് തന്റെ പഴയ ഹീറോ സൈക്കിളിൽ ഞാൻ താമസിക്കുന്ന വീടിന്റെ മുമ്പിൽ കൂടിയൊക്കെ അയാൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോകാറുള്ളതായിരുന്നു.അതു കൂടാതെ എന്റെ പല ആവശ്യങ്ങൾക്കും ഞാൻ കൊച്ചാണ്ടിയെയാണ് ആശ്രയിച്ചുകൊണ്ടിരുന്നതും.വീടെ ല്ലാം കൂട്ടിവാരി തുടയ്ക്കുക, പെയിന്റടിക്കുക,മാർക്കറ്റിൽ നിന്ന് അല്ലറചില്ലറ സാധനങ്ങൾ വാങ്ങിപ്പിക്കുക.. അങ്ങനെ പലതും.സന്ധ്യയാൽപ്പിന്നെ അവനെ കിട്ടുകയില്ലെന്ന് എനിക്കറിയാം.ഏതെങ്കിലും മദ്യഷാപ്പിന്റെ മുമ്പിൽ കിടക്കുന്നുണ്ടാവും അവനപ്പോൾ.അതിനാൽ എനിക്കാവശ്യമുള്ളപ്പോഴെല്ലാം ഞാൻ രാവിലെ തന്നെ അവനെ പിടികൂടുമായിരുന്നു.അന്നു ഞാനും അവധിയെടുക്കും.പിന്നെ പണിയും കഥപറച്ചിലുമൊക്കെയായി ആ ദിവസം മുഴുവൻ ഞാനും കൊച്ചാണ്ടിയും കൂടി അവിടെ അടിച്ചുപൊളിക്കും.
എന്റെ കോയമ്പത്തൂർ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളുമായിരുന്നു അങ്ങനെ കൊച്ചാണ്ടിയോടൊപ്പം ഇടയ്ക്കിടെ വീണുകിട്ടിയിരുന്ന ആ ദിവസങ്ങൾ.കാരണം കൊച്ചാണ്ടി ഒരു നല്ല കഥപറച്ചിലുകാരനായിരുന്നു.കഥപറച് ചിലുകാരുടെ ആദിമ ഗോത്രത്തിൽ
പിറന്നവൻ! അയാളുടെ ഗ്രാമത്തിനടുത്തുള്ള വെള്ളിങ്കിരി മലയെപ്പറ്റിയും അവിടുത്തെ ഇല്ലാത്ത
കോട്ടയെപ്പറ്റിയുമൊക്കെ അപസർപ്പക കഥകളെ വെല്ലും വിധം കഥകൾ ഉണ്ടാക്കി പറഞ്ഞ് കൊച്ചാണ്ടി എന്നെ ഭയപ്പെടുത്തിയിട്ടുണ്ട്.നിലാവു ള്ള പൗർണ്ണമി രാവുകളിൽ തന്നോടൊപ്പം ശയിക്കാനെത്തുന്ന മരിച്ചുപോയ ഭാര്യയെപ്പറ്റി പറഞ്ഞ് അവൻ എന്നെ വിഭ്രാന്തിയിലേക്ക് തള്ളിവിട്ടിട്ടുമുണ്ട്.ആടയില്ലാ തെ നീരാടിക്കൊണ്ടിരുന്ന ഗോപികമാരെ ഒളിഞ്ഞു നോക്കിയ കണ്ണനെപ്പോലെ ശിരുവാണി നദിക്കരയിലെ എത്രയെത്ര ഒളിഞ്ഞുനോട്ട കഥകൾ പറഞ്ഞ് അവനെന്നെ ഇക്കിളി കൂട്ടിയുമിരിക്കുന്നു!
ഞാനന്ന് വടകോവൈ റയിൽവേ സ്റ്റേഷന്റെ പിന്നിലുള്ള ലോറിപ്പേട്ടയോടു ചേർന്നുള്ള രണ്ടാമത്തെ ലെയിനിലാണ് താമസിച്ചിരുന്നത്.അവിടെവച്ചാണ് കൊച്ചാണ്ടിയെ ഞാൻ ആദ്യമായി പരിചയപ്പെടുന്നതും പിന്നീട് അയാൾ എന്റെ ചങ്ങാതിയായി മാറുന്നതും.അന്നു പലരും പറയുമായിരുന്നു.കൊച്ചാണ്ടിയെക് കുറിച്ച് കേൾക്കുന്ന കാര്യങ്ങളൊക്കെ അത്ര സുഖമുള്ളതല്ല.നാട്ടിൽ അയാൾക്ക് കഞ്ചാവു കൃഷിയുണ്ടെന്നും കൊലപാതക കേസിലെ
പ്രതിയാണെന്നും രണ്ടുമൂന്നു ഭാര്യമാരുണ്ടെന്നും..അങ്ങനെ എന്തൊക്കെയോ! അത്രയ്ക്കങ്ങു അടുപ്പത്തിനു പോകാതിരിക്കുന്നതാ ബുദ്ധി എന്ന്
എന്റെ ഏറ്റവും അടുത്ത സുഹൃത്തും പത്രപ്രവർത്തകനുമായ സുരേഷും ഒന്നു രണ്ടു തവണ എന്നോടു പറഞ്ഞിരുന്നു.
‘ഏയ്.. കൊച്ചാണ്ടി ആ ടൈപ്പല്ല’ എന്ന് അപ്പോൾ ഞാൻ അവരോടൊക്കെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് കൊച്ചാണ്ടിയോടു തന്നെ അതിന്റെ സത്യാവസ്ഥ ചോദിച്ചറിയുന്നതുവരെ എന്റെ ഉള്ളിലും ഒരുതരം ഉരുണ്ടുകയറ്റം ഉണ്ടായിരുന്നു എന്നതായിരുന്നു അതിന്റെ ഒരു ശരിയും.
കോയമ്പത്തൂരിൽ നിന്നും അധികം ദൂരമില്ലാത്ത ‘പൂണ്ടി’ എന്ന സ്ഥലത്തായിരുന്നു കൊച്ചാണ്ടിയുടെ വീട്.വെള്ളിങ്കിരി മലനിരകളുടെ അടിവാരത്തിലായി കൊടുംവനത്തോടു ചേർന്നുള്ള ഒരു കുഗ്രാമം.ഭാര്യയും ഒരു മകളുമായിരുന്നു കൊച്ചാണ്ടിക്ക്.ഭാര്യ മരിച്ചപ്പോൾ അനിയത്തിയെ കെട്ടി.ആ വകയിലും രണ്ടു കുട്ടികൾ.രണ്ട് ആൺമക്കൾ.എങ്കിലും ആദ്യ കെട്ടിലെ മകളോടായിരുന്നു അയാൾക്ക് കൂടുതൽ ഇഷ്ടം.അവളെന്നുവച്ചാൽ അയാൾക്ക് ജീവൻ തന്നെ ആണെന്ന് എനിക്കും അറിവുള്ള കാര്യമായിരുന്നല്ലോ.അത് ഇപ്പോഴത്തെ ഭാര്യക്കു പിടിച്ചില്ല-സ്വന്തം ജേഷ്ഠത്തിയുടെ മകളായിട്ടുപോലും! അവരുടെ ഉപദ്രവം സഹിക്കവയ്യാതായതോടെയാണ് അവളേയും കൂട്ടി അയാൾ കോയമ്പത്തൂരിലെത്തിയത്.അവിടെ ഒരു ഹോസ്റ്റലിൽ ചേർത്ത് അയാൾ അവളെ പഠിപ്പിക്കാൻ തുടങ്ങി.തന്നാലാവും വിധം അവളെ പഠിപ്പിച്ചെടുക്കുക
എന്നതു മാത്രമായിരുന്നു അപ്പോൾ അയാളുടെ മുന്നിലുള്ള ഏക ലക്ഷ്യവും.അതിനായി അയാൾ
ചെയ്യാത്ത ജോലികൾ ഒന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ല.പാട്ട പറക്കാനും പാറപൊട്ടിക്കാനും വീടുപണിയാനും
റോഡ് ടാർ ചെയ്യാനും.. എന്നുവേണ്ട കിട്ടുന്ന ഏതു ജോലിയും ഒരു വിമുഖതയും കൂടാതെ അയാൾ ചെയ്തുപോന്നു.അതിന്റെ ക്ഷീണം മാറ്റാൻ മൂവന്തിക്ക് അൽപം മദ്യപിക്കുന്നതൊഴിച്ചാൽ ബാക്കി രൂപ അയാൾ കൈയ്യിൽ തന്നെ സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്നു.വെള്ളമടിച്ച് ഇങ്ങനെ വല്ലയിടത്തും കിടന്നാൽ കൈയ്യിലെ കാശെല്ലാം ആരെങ്കിലും അടിച്ചോണ്ടു പോകുകയില്ലിയോ എന്ന എന്റെ ചോദ്യത്തിന് അപ്പോൾ റൂമെടുത്താൽ വാടക കൊടുക്കേണ്ടി വരികയില്ലിയോ എന്ന മറു ചോദ്യമായിരുന്നു അയാൾ ചോദിച്ചത്.പണ്ടെങ്ങോ വെള്ളിങ്കിരി മലയുടെ അടിവാരത്ത് കഞ്ചാവ് കൃഷി ഉണ്ടായിരുന്നെന്നും ഒരിക്കൽ പൊലീസ് പിടിച്ചതോതെ അതു നിർത്തിയെന്നും ആ കൂട്ടത്തിൽ അയാൾ എന്നോടു പറഞ്ഞു.
പിന്നീട് ഇപ്പോൾ താമസിക്കുന്ന ഇടത്തുനിന്നും അൽപ്പം മാറി കുറച്ചു കൂടി സൗകര്യമുള്ള മറ്റൊരു വീട്ടിലേക്ക് ഞാൻ താമസം മാറ്റിയപ്പോൾ ആദ്യം മുതൽ അവസാനം വരെ ഒരു കൈയ്യാളായി കൊച്ചാണ്ടി എന്റൊപ്പം ഉണ്ടായിരുന്നു-ഞാൻ വിളിക്കാതെ തന്നെ! അന്നു ഞാൻ ആയിരം രൂപ കൊടുത്തപ്പോൾ ഒരു പൈന്റിനുള്ള കാശുമതിയെന്നും പറഞ്ഞ് ബാക്കി തുക അതുപോലെതന്നെ അവനെനിക്കു തിരിച്ചും തന്നു.
“ഇതു പോതും സാർ.. ഉങ്കളെൻ അണ്ണൻ താനെ!”
അപ്പോൾ അങ്ങനെ പറഞ്ഞിട്ടാണ് പോയതെങ്കിലും പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേൽക്കുന്നതിനു മുമ്പേ കൊച്ചാണ്ടി എന്റെ വീടിനു മുമ്പിൽ ഹാജരായിട്ടുണ്ടായിരുന്നു.
“കുറച്ചു കാശുവേണം സാർ.മകളെ ഡിഗ്രിക്കു ചേർക്കുന്നതിനു വേണ്ടിയാണ്!”
ആവശ്യം ന്യായമായിരുന്നു.അതിനാൽ ഞാൻ കാശ് കൊടുക്കുകയും ചെയ്തു.അന്ന് ആ കാശും വാങ്ങി പോയ പോക്കായിരുന്നു കൊച്ചാണ്ടി.അതും ഒന്നും രണ്ടുമായിരുന്നില്ല, ഇരുപത്തയ്യായിരം രൂപ!
അറിഞ്ഞവരെല്ലാം എന്നെയായിരുന്നു കുറ്റപ്പെടുത്തിയത്.ഞങ്ങൾ അന്ന് പറഞ്ഞതല്ലേ,ഇപ്പോൾ അനുഭവിച്ചോ എന്ന്! അതിൽ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തിയത് സുരേഷായിരുന്നു.എന്നിട്ട് അവൻ അവന്റേതായ ചില സ്രോതസ്സുകൾ ഉപയോഗിച്ച് കൊച്ചാണ്ടിയെപ്പറ്റി വല്ല വിവരങ്ങളും കിട്ടുമോന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു.
ഞാൻ കൊച്ചാണ്ടിയുടെ മുഖത്തേക്കു ഒന്നുകൂടി സൂക്ഷിച്ചു നോക്കി.ആകെ പരിക്ഷീണിതനായിട്ടായിരുന്നു അവന്റെ നിൽപ്പ്.മുഖമൊക്കെ ഒരുമാതിരി കറുത്ത് കരുവാളിച്ച്,പെട്ടെന്നു പ്രായമായതുപോലെ.ഞാൻ വീണ്ടും എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ കൈയ്യിൽ മടക്കിപിടിച്ചിരുന്ന കാശ് കൊച്ചാണ്ടി എന്റെ നേർക്കു നീട്ടി.
“എന്താ കൊച്ചാണ്ടീ അവിടെതന്നെ നിൽക്കുന്നത്.വാ കയറി ഇരിക്ക്..”ഞാൻ അവനെ അകത്തേക്കു ക്ഷണിച്ചു.
“വേണ്ട സാർ.ഞാൻ പോവാണ്.”
“അതെന്താ ഇത്ര ധൃതി..എവിടെ ആയിരുന്നു നീ ഇത്രയും നാൾ?”
എനിക്കാണെങ്കിൽ ഒരുപാട് കാര്യം അവനോട് ചോദിച്ചറിയാനുമുണ്ടായിരുന്നു.
“ഞാൻ കോയമ്പത്തൂർ വിട്ട് പോകുകയാണ് സാർ. ഇനി ഇവിടേക്ക് ഇല്ല..”
“ഇവിടം വിട്ടു പോകുകയാണെന്നോ! അതെന്താ.. എങ്ങോട്ടാണ് നീ പോകുന്നത്?”
“ഊരുക്ക്..”
” അപ്പോൾ നിന്റെ മകളുടെ പഠിത്തം..?”
“അവള് പഠിത്തമെല്ലാം നിർത്തി പോയി സാർ..”
“പഠിത്തമെല്ലാം നിർത്തി പോയെന്നോ.എങ്ങോട്ട്?”
എനിക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല. എങ്കിലും എന്റെ നെഞ്ചിൽക്കൂടി ഒരു വെള്ളിടി പാഞ്ഞുപോയി.അരുതാത്തതെന്തൊ കേൾക്കാൻ പോകുന്നതുപോലെ ഒരു തോന്നൽ..
“കോളജിൽ അടയ്ക്കാൻ കൊടുത്തിരുന്ന കാശുമായി കാമുകനോടൊപ്പം! എങ്ങോട്ടെന്ന് എനിക്കുമറിയില്ല സർ.”
എന്റെ വിമ്മിഷ്ടം കണ്ടിട്ടാവണം കൂടുതൽ ചോദിക്കാതെ തന്നെ കൊച്ചാണ്ടി കാര്യങ്ങൾ വിശദീകരിച്ചു.
“കൊച്ചാണ്ടീ..!”. ഒരുമാത്ര സ്തംഭിച്ചു നിന്നശേഷം ഞാൻ വിളിച്ചു. എങ്ങനെ അവനെ ആശ്വസിപ്പിക്കുമെന്നറിയാതെ ഞാൻ കുഴങ്ങി.
“ഒന്നുമില്ല സർ.ഓരോരുത്തർക്കും ഓരോന്നു പറഞ്ഞിട്ടുണ്ടാവുമല്ലോ,അല്ലേ? അതേ നടക്കൂ സാർ..അതു മാത്രമേ നടക്കൂ.നമ്മൾ വെറുതെ ഓരോന്ന് മനസ്സിൽ … “പറഞ്ഞിട്ട് കൊച്ചാണ്ടി ഒരു നനഞ്ഞ ചിരി ചിരിച്ചു.അതിനുപോലും കഴിയാത്തവനെപ്പോലെ അയാൾക്കു മുമ്പിലായി ഞാനും നിന്നു.
“കവലപ്പെടൈ വേണ്ട സാർ.. എല്ലാം നല്ലതുക്ക് താൻ.എല്ലാം നല്ലതുക്ക്..!”
കൊച്ചാണ്ടി പിന്നെ അവിടെ നിന്നില്ല.കുറച്ചു കാശ് അയാളുടെ കൈയ്യിൽ വച്ചുകൊടുക്കാനുള്ള എന്റെ ശ്രമവും വിജയിച്ചില്ല.ഏതായാലും അവൻ പോയിക്കഴിഞ്ഞപ്പോൾ കൈയ്യിലിരുന്ന കാശ് പെട്ടെന്ന് ഞാൻ എണ്ണി നോക്കി.കൃത്യം ഇരുപത്തയ്യായിരം രൂപയും ഉണ്ടായിരുന്നു.
കൊച്ചാണ്ടിയെപ്പറ്റിയുള്ള എന്റെ മതിപ്പ് അതോടെ
ഒന്നുകൂടി കൂടിയതേയുള്ളൂ.ഒപ്പം കാരമുള്ള് കൊളുത്തി വലിക്കുന്നതുപോലെ ഉള്ളിലെവിടെയോ ഒരു വേദനയും എനിക്കപ്പോൾ അനുഭവപ്പെട്ടു.മകളെന്നു വച്ചാൽ അയാൾക്കു ജീവനായിരുന്നു.ഒരു കണക്കിനു നോക്കിയാൽ അവൾക്കുവേണ്ടി മാത്രമായിരുന്നു അയാൾ ജീവിച്ചിരുന്നതെന്നുപോലും
പറയാം.ചില നേരത്തെ അയാളുടെ സംസാരവും പ്രവൃത്തിയും കണ്ടാൽ അങ്ങനെയായിരുന്നു എനിക്കു തോന്നിയിട്ടുള്ളതും.
ഞാൻ പെട്ടെന്നു തന്നെ സുരേഷിനെ വിളിച്ചു.കൊച്ചാണ്ടിയെ ഇനിയെങ്കിലും അവരൊക്കെ ഒന്നു മനസ്സിലാക്കട്ടെ.ഒപ്പം
അയാളുടെ മകളെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാനുള്ള വഴികളെപ്പറ്റിയും ഞാൻ സുരേഷിനോട് തിരക്കി.ഞാനൊന്നു നോക്കട്ടെയെന്നും പറഞ്ഞാണ് സുരേഷ് അപ്പോൾ ഫോൺ കട്ട് ചെയ്തത്.
അന്നു പിന്നെ സുരേഷ് എന്നെ വിളിച്ചില്ല.ഞാനന്നു ഓഫീസിലും പോയില്ല.ഓരോന്ന് ആലോചിച്ചു കിടന്നതു കാരണം അന്നു രാത്രി എനിക്ക് ഉറക്കവും വന്നില്ല.പിന്നീട് എപ്പോഴാണ് ഉറങ്ങിയതെന്ന് എനിക്കു തന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.
കാലത്തു ഫോൺ അടിക്കുന്നതു കേട്ടാണ് ഞാൻ ഉണർന്നത്.അങ്ങെ തലയ്ക്കൽ സുരേഷായിരുന്നു.
“കൊച്ചാണ്ടി മരിച്ചു.ആത്മഹത്യ ആയിരുന്നു!”