റിയാദ്: സൗദി അറേബ്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രണ്ട് ബഹ്റൈന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ജാഫര്‍ മുഹമ്മദ് അലി മുഹമ്മദ് ജുമാ സുല്‍ത്താന്‍, സദിഖ് മാജിദ് അബ്‍ദുല്‍റഹീം ഇബ്രാഹിം തമീര്‍ എന്നിവരെയാണ് കേസില്‍ സൗദി കോടതി വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്.
സൗദി അറേബ്യയുടെ സുരക്ഷ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷാ നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സൗദിയ്ക്കും ബഹ്റൈനും ഇടയിലുള്ള കിങ് ഫഹദ് കോസ്‍വേയിലൂടെ 2015ല്‍ യാത്ര ചെയ്യവെ സൗദി അറേബ്യയില്‍ പ്രവേശിച്ചയുടന്‍ ഇവരെ സൗദി സേന അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദി അറേബ്യയിലെ ഒരു തീവ്രവാദി സംഘടനാ നേതാവിന് കീഴില്‍ ഇവര്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് പ്രത്യേക ക്രിമിനല്‍ കോടതി കണ്ടെത്തി.
പ്രതികള്‍ സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന ഒരു സംഘടനയുടെ കീഴില്‍ ഇവര്‍ക്ക് പരിശീലനം ലഭിച്ചതായും കോടതി കണ്ടെത്തി. സൗദിയിലും ബഹ്റൈനിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മറ്റ് വ്യക്തികളുമായി ചേര്‍ന്ന് ആസൂത്രണം നടത്തുകയും ആയുധങ്ങള്‍ കള്ളക്കടത്ത് നടത്തി സംഭരിക്കുകയും ചെയ്തു. സ്‍ഫോടക വസ്‍തുക്കളും മറ്റ് സാധനങ്ങളും കള്ളക്കടത്ത് നടത്തി മരുഭൂമിയില്‍ ഒളിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്‍തു. 2021ലാണ് കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. പിന്നീട് ക്രിമിനല്‍ അപ്പീല്‍ കോടതിയും ഹൈക്കോടതിയും ശിക്ഷ ശരിവെച്ചു. ശിക്ഷ നടപ്പാക്കാനുള്ള രാജകീയ ഉത്തരവ് ലഭിച്ചതോടെ കഴിഞ്ഞ ദിവസം ഇരുവരെയും വധശിക്ഷയ്ക്ക് വിധേയരാക്കുകയായിരുന്നു.