IndiaNEWS

മോദിസര്‍ക്കാറിന്‍റെ ഒമ്ബതു വര്‍ഷം; ഒമ്ബതു ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മേയ് 30ന് ഒമ്ബതു വര്‍ഷം പൂര്‍ത്തിയാകുന്ന മോദിസര്‍ക്കാറിനോട് ഒമ്ബതു ചോദ്യങ്ങളുമായി കോണ്‍ഗ്രസ്.ഭരണകാലത്തെ വഞ്ചനക്ക് പ്രധാനമന്ത്രി രാജ്യത്തോട് നിരുപാധികം മാപ്പു പറയണമെന്നും മേയ് 30ന് സര്‍ക്കാര്‍ മാപ്പുദിനമായി ആചരിക്കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.
 
 
ചോദ്യങ്ങൾ
 

1. പണപ്പെരുപ്പവും തൊഴിലില്ലായ്മയും: രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുന്നതും സമ്ബന്നര്‍ കൂടുതല്‍ സമ്ബന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്നതും പൊതുസ്വത്ത് പ്രധാനമന്ത്രി തന്‍റെ സുഹൃത്തുക്കള്‍ക്ക് വില്‍ക്കുന്നതും എന്തുകൊണ്ട്?

2. കൃഷിയും കര്‍ഷകരും: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമ്ബോള്‍ ഉണ്ടാക്കിയ കരാറുകള്‍ പാലിക്കപ്പെടാത്തതും മിനിമം താങ്ങുവില നിയമപരമായി ഉറപ്പ് നല്‍കാത്തതും കര്‍ഷക വരുമാനം ഒമ്ബതു വര്‍ഷമായിട്ടും ഇരട്ടിയാക്കാത്തതും എന്തുകൊണ്ട്?

Signature-ad

3. അഴിമതിയും ചങ്ങാത്തവും: സുഹൃത്ത് അദാനിക്ക് പ്രയോജനപ്പെടാന്‍ എല്‍.ഐ.സിയിലും എസ്.ബി.ഐയിലും ആളുകള്‍ കഷ്ടപ്പെട്ടുണ്ടാക്കി നിക്ഷേപിച്ച സമ്ബാദ്യം അപകടത്തിലാക്കുന്നത് എന്തിനാണ്?

4. ചൈനയും ദേശീയ സുരക്ഷയും: 18 കൂടിക്കാഴ്ചകള്‍ നടത്തിയിട്ടും എന്തുകൊണ്ടാണ് അവര്‍ ഇന്ത്യന്‍ പ്രദേശം വിട്ടുനല്‍കാത്തതും ആക്രമണ തന്ത്രങ്ങള്‍ തുടരുകയും ചെയ്യുന്നത്?

5. സാമൂഹിക സൗഹാര്‍ദം: എന്തിനാണ് ബോധപൂര്‍വം വിദ്വേഷത്തിന്‍റെ രാഷ്ട്രീയം തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും സമൂഹത്തില്‍ ഭയം വളര്‍ത്തുകയും ചെയ്യുന്നത്?

6. സാമൂഹികനീതി: സ്ത്രീ, ദലിത്, എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മൗനം പാലിക്കുകയും ജാതി സെന്‍സസ് എന്ന ആവശ്യത്തെ അവഗണിക്കുകയും ചെയ്യുന്നത് എന്തിന്?

7. ജനാധിപത്യവും ഫെഡറലിസവും: ഭരണഘടന മൂല്യങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും ഒമ്ബതു വര്‍ഷംകൊണ്ട് ദുര്‍ബലപ്പെടുത്തിയത് എന്തിനാണ്? പ്രതിപക്ഷ പാര്‍ട്ടികളോടും നേതാക്കളോടും പ്രതികാര രാഷ്ട്രീയം പ്രയോഗിക്കുന്നതും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്താന്‍ പണബലം ഉപയോഗിക്കുന്നതും എന്തിനാണ്?

8. ക്ഷേമപദ്ധതികള്‍: ദരിദ്രരുടെയും ആദിവാസികളുടെയും ക്ഷേമത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചും നിയന്ത്രണ നിയമങ്ങള്‍ ഉണ്ടാക്കിയും ദുര്‍ബലമാക്കുന്നത് എന്തുകൊണ്ട്?

9. കോവിഡ് കെടുകാര്യസ്ഥത: 40 ലക്ഷത്തിലധികം ആളുകളുടെ ദാരുണ മരണമുണ്ടായിട്ടും അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിക്കുന്നതും ലക്ഷക്കണക്കിന് തൊഴിലാളികളെ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന പെട്ടെന്നുള്ള ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും എന്തിനായിരുന്നു?

 
 

Back to top button
error: