ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. അനിൽ നമ്പ്യാർക്ക് ഗൾഫിൽ പോകാനുള്ള തടസം നീക്കി നൽകിയത് താനാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ അനിൽ നമ്പ്യാർ തന്നോട് അഭ്യർത്ഥിച്ചതായും സ്വപ്‌ന കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു.
യു.എ.ഇയിൽ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്റ അഭിമുഖത്തിനായി ദുബായ് സന്ദർശിക്കാൻ തീരുമാനിച്ചത്. അവിടെ സന്ദർശിച്ചാൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്ന അനിൽ നമ്പ്യാർ യാത്രാനുമതി ലഭിക്കാൻ സരിത്തിനെ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാൻ നിർദേശിച്ചു. അതനുസരിച്ച് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കോൺസലേറ്റ് ജനറൽ വഴി യാത്രാനുമതി നൽകി.അതിന് ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളായി.
2018ൽ താജ് ഹോട്ടലിൽ അത്താഴ വിരുന്നിനായി അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നു. ഒരുമിച്ച് ഡ്രിങ്ക്‌സ് കഴിച്ചു. അന്ന് യു.എ.ഇ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാർ അന്വേഷിച്ചു. ബി.ജെ.പിക്കു വേണ്ടി കോൺസുലേറ്റിന്റെ സഹായങ്ങളും അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചുവെന്നും സ്വപ്‌ന മൊഴി നൽകി.
സ്വർണക്കടത്ത് സംബന്ധിച്ച വാർത്ത ചാനലുകളിൽ വന്നപ്പോൾ അത് നിർത്താൻ കോൺസുൽ ജനറൽ തന്റെ സഹായം അഭ്യർത്ഥിച്ചു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവിൽ പോകാൻ തിരുവനന്തപുരത്തെ ഒരു അഭിഭാഷകൻ നിർദേശിച്ചു.അതിന് മുൻപ് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോൺസുൽ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാൻ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടു. അനിൽ നമ്പ്യാരെ തിരിച്ചുവിളിച്ച് കോൺസുൽ ജനറലിന്റെ പേരിൽ ഒരു കത്ത് തയ്യാറാക്കി നൽകാൻ താൻ ആവശ്യപ്പെട്ടു.കത്ത് തയ്യാറാക്കി നൽകാം എന്ന് അനിൽ നമ്പ്യാർ അറിയിച്ചു.കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്വപ്‌ന സുരേഷ് പറഞ്ഞു.