തിരുവനന്തപുരം: എഐ ട്രാഫിക് ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ പുതിയ സമിതിയെ നിയമിച്ചു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പ്രവർത്തനം വിലയിരുത്തുന്നത്. അടുത്ത മാസം 5 ന് മുമ്പ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണം. ഇന്ന് ചേർന്ന സാങ്കേതിക സമിതിയുടെതാണ് തീരുമാനം. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളിൽ പിഴ ചുമത്തുന്നതിന് മുമ്പ് ഒരു സമിതി ക്യാമറ പ്രവർത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണ് യോഗം ചേർന്നത്. യോഗ്ത്തിൽ ഗതാഗത കമ്മീഷണർ, ഐടി മിഷൻ ഡയറക്ടർ, സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ടിരുന്നു. ഗതാഗതത കമ്മീഷണറും- കെൽട്രോണും തമ്മിലുള്ള ധാരണാപത്രം പ്രകാരം ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങുന്നതു വരെ സാങ്കേതിക സമിതി ഓരോ ഘട്ടത്തിലും പരിശോധിക്കാമെന്നാണ് വ്യവസ്ഥ. അടുത്ത മാസം അഞ്ചിന് ക്യാമറ വഴി പിഴയീടാക്കാനാണ് തീരുമാനം. ക്യാമറകൾ വഴി പിഴയീടാക്കും മുമ്പ് വിദഗ്ദ സമിതി അന്തിമ അനുമതി നൽകണം. ട്രാഫിക് ക്യാമറ ഇടപാട് വിവാദമായ പശ്ചാത്തലത്തിൽ നിലവിലെ സാങ്കേതിക സമിതി അംഗീകാരം നൽകണോ മറ്റൊരു സമിതിയെ ക്യാമറകളുടെ പ്രവർത്തനം വിലയിരുത്തി അനുമതി നൽകാൻ നിയമിക്കണോയെന്ന് ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും.
ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി മൂന്നുപേർ യാത്ര ചെയ്താൽ തത്കാലം പിഴയീടാക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. 12 വയസ് വരെയുള്ള ഒരു കുട്ടിക്കാണ് ഇളവ്. കേന്ദ്രസർക്കാരിന്റെ തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടെന്ന പൊതുവികാരം പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരയച്ച കത്തിൽ തീരുമാനമാകുന്നത് വരെ കുട്ടികളുമൊത്തുള്ള ട്രിപ്പിൾ യാത്രയ്ക്ക് പിഴ ഈടാക്കില്ല. എഐ ക്യാമറ വഴി മറ്റ് പിഴകൾ അടുത്തമാസം അഞ്ച് മുതൽ ഈടാക്കും.