KeralaNEWS

കൈക്കൂലിയായി തേനും കുടംപുളിയും വരെ! പണം സ്വരുക്കൂട്ടിയത് വീടു വെക്കാനെന്ന് സുരേഷിന്റെ മൊഴി

പാലക്കാട്: മണ്ണാര്‍ക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷയും നല്‍കും.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുകയാണ്. സുരേഷ്‌കുമാര്‍ ഒരു മാസമായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടിയിലധികം രൂപ വിജിലന്‍സ് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.

Signature-ad

സുരേഷ് കുമാര്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ നിന്നും 35 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകള്‍, 25ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് രേഖകളും 17 കിലോ വരുന്ന നാണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.

സുരേഷ് കുമാര്‍ ലളിതജീവിതമാണ് നയിച്ചിരുന്നത്. പണം സ്വരുക്കൂട്ടിയത് വീടു വെയ്ക്കാനാണെന്നാണ് പ്രതി വിജിലന്‍സിന് മൊഴി നല്‍കിയത്. സ്വന്തമായി കാറോ ഇരുചക്ര വാഹനമോ ഇല്ല.

അവിവാഹിതനായതിനാല്‍ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നുമാണ് മൊഴി. മുമ്പ് ജോലി ചെയ്ത ഓഫീസുകളിലും ഇയാള്‍ ക്രമക്കേട് നടത്തിയിരുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചു. പണത്തിന് പുറമേ സുരേഷിന്റെ മുറിയില്‍ നിന്നും കുടംപുളിയും 10 ലിറ്റര്‍ തേനും കണ്ടെടുത്തു. കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകളും മുണ്ടുകളും മുറിയിലുണ്ടായിരുന്നു. പടക്കങ്ങളും കെട്ടുകണക്കിന് പേനകളും മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

 

Back to top button
error: