KeralaNEWS

കോടതി ഉത്തരവ് പ്രകാരം ഗവിയിലേക്ക് സർവീസ് ആരംഭിച്ച സ്വകാര്യ ബസ് വനംവകുപ്പ് തടഞ്ഞിട്ടു

വണ്ടിപ്പെരിയാര്‍: ഗവിയിലേക്ക് ആരംഭിച്ച സ്വകാര്യ ബസ് സര്‍വീസ് വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ വനം വകുപ്പ് തടഞ്ഞു.അനുമതിയില്ലാത്തതിനാലാണ് തടഞ്ഞതെന്നു വനംവകുപ്പ് അറിയിച്ചു.എന്നാല്‍, കോടതി ഉത്തരവ് പ്രകാരമാണ് ബസ് സര്‍വീസ് ആരംഭിച്ചതെന്നു ഉടമകള്‍ അറിയിച്ചുവെങ്കിലും ബസ് കടത്തിവിടാൻ വനംവകുപ്പ് തയാറായില്ല.
പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളിലെ വിനോദസഞ്ചാര കേന്ദ്രവും ആദിവാസി വിഭാഗങ്ങള്‍ അടക്കം നിരവധി കുടുംബങ്ങള്‍ താമസിക്കുന്നതുമായ ഗവിയിലേക്കു വണ്ടിപ്പെരിയാറില്‍നിന്ന് ആരംഭിച്ച മുബാറക് ബസ് സര്‍വീസാണ് വള്ളക്കടവിലെ ചെക്ക് പോസ്റ്റില്‍ വനം വകുപ്പ് തടഞ്ഞത്.യാത്രാദുരിതമനുഭവിക്കുന്ന ഗവി നിവാസികളുടെ അഭ്യര്‍ഥനപ്രകാരമാണ് മുബാറക് ബസ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍നിന്നു സര്‍വീസ് പെര്‍മിറ്റ് പുതുക്കി വാങ്ങി കോടതി ഉത്തരവോടെ ഇന്നലെ സര്‍വീസ് ആരംഭിച്ചത്.
എന്നാല്‍, വണ്ടിപ്പെരിയാറില്‍നിന്ന്  യാത്രക്കാരുമായി ഗവിയിലേക്കു പുറപ്പെട്ട ബസ് വനം വകുപ്പ് വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ തടയുകയായിരുന്നു.കോടതി ഉത്തരവും പെര്‍മിറ്റും വിവരാവകാശ പ്രകാരമുള്ള രേഖകളും ബസ് ജീവനക്കാര്‍ വനം വകുപ്പിനെ കാണിച്ചെങ്കിലും പെരിയാര്‍ കണ്‍സര്‍വേഷന്‍റെ അനുമതിയില്ലെന്ന കാരണം പറഞ്ഞായിരുന്നു വനം വകുപ്പ് ബസ് സര്‍വീസ് തടഞ്ഞത്.
2004 വരെ വണ്ടിപ്പെരിയാറില്‍നിന്നു ഗവിയിലേക്കു സ്വകാര്യ ബസ് സര്‍വീസ് ഉണ്ടായിരുന്നു.ഇതിനു ശേഷം സ്വകാര്യ ബസ് സര്‍വീസ് നിലച്ചതോടെ കുമളി-ഗവി-പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി സര്‍വീസ് മാത്രമാണ് പ്രദേശവാസികളുടെ ഇവിടേക്കുള്ള ഏക യാത്രാമാര്‍ഗം.

Back to top button
error: